IdukkiKeralaLatest

കനത്ത മഴ ; ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

“Manju”

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ പെരിയ വരെ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകര്‍ന്നു. മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങളെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആദ്യം മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. 50 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരെ സമീപത്തെ പള്ളിയുടെ പാരിഷ് ഹാളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ഇന്നലെ മൂന്നാര്‍ മറയൂര്‍ പാതയില്‍ പെരിയവരൈ പാലത്തിന് സമീപം റോഡിന്റെ ഒരു വശം ഇടിഞ്ഞിരുന്നു. നിലവില്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിക്കും. ദേവികുളം മൂന്നാര്‍ റോഡില്‍ സര്‍ക്കാര്‍ കോളജിന് സമീപവും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അടിമാലി മുതല്‍ മൂന്നാര്‍ വരെയുള്ള ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

ദേവിയാര്‍പുഴ, മുതിരപ്പുഴ, കന്നിമല, നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയര്‍ന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വര്‍ക്ക്‌സ്, പൊന്‍മുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

Related Articles

Back to top button