KeralaLatest

കോവിഡിനെതിരെ ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കുക;ആരോഗ്യമന്ത്രി

“Manju”

പത്തനംതിട്ട: രണ്ടാം തരംഗത്തിലൂടെ നാം കടന്നു പോകുന്ന ഈ ഘട്ടത്തില്‍ കോവിഡിനെതിരെ ഏറ്റവും ശക്തമായ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഭാരതത്തിന്റെ 75മത് സ്വാതന്ത്ര്യദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച്‌ അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

കോവിഡിനെ ജയിക്കുവാന്‍ നാമോരോരുത്തരും പോരാളികളാകണം. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോവിഡില്‍ നിന്നും സ്വതന്ത്രരാകാനുള്ള പോരാട്ടം നാം നടത്തുകയാണ്. അന്‍പത് ശതമാനത്തിലധികം ആളുകള്‍ ‍ കോവിഡ് രോഗികളാകാത്ത കേരളത്തില്‍ ‍ ഈ പോരാട്ടം ഏറ്റവും വിജയകരമായി നടപ്പാക്കാന്‍ ‍ കഴിയുക വാക്സിനേഷനിലൂടെയാണ്. ഈ സ്വാതന്ത്ര്യ ദിനത്തിലും അതുകൊണ്ട് കേരളത്തിലുടനീളം വാക്സിനേഷന്‍ പ്രക്രിയ തുടരുകയാണ്.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കട്ടെ. മൂന്നാം തരംഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ സ്ഥാപിക്കപ്പെടുന്ന ഓക്സിജന്‍ പ്ലാന്റുകളിലൂടെ 8500 മെട്രിക് ടണ്‍ അധികം ഓക്സിജന്‍ ഉത്പാദനം ഉറപ്പാക്കിയിട്ടുണ്ട്. പീഡിയാട്രിക് ഐസിയു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി. കോന്നി മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും നിര്‍മാണം ആരംഭിക്കുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും നമുക്ക് മാറ്റിവയ്ക്കാം. രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയെ നമുക്ക് ഒരുമിച്ച്‌ നേരിടാം. ഈ പോരാട്ടം വരും തലമുറകള്‍ക്ക് കൂടിയുള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ കൂടെയുണ്ട്, മന്ത്രിപറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, എഡിഎം അലക്സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ജാസിന്‍കുട്ടി, അഡ്വ. എ. സുരേഷ് കുമാര്‍, എം.സി. ഷെറീഫ്, പി.കെ. അനീഷ്, കെ.ആര്‍. അജിത്ത് കുമാര്‍, സി.കെ. അര്‍ജുനന്‍, എല്‍. സുമേഷ് ബാബു, ആര്‍. അഖില്‍ കുമാര്‍, ആര്‍. സാബു, സാഹിത്യകാരന്‍ ബെന്യാമിന്‍, ജില്ലാ സ്പോര്‍ട് സ്‌കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, നഗരസഭാ സെക്രട്ടറി ഷെര്‍ല ബീഗം, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ ബാബുലാല്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button