International

മാലിദ്വീപിന് 100 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: ഏത് കാര്യത്തിലും മാലിദ്വീപിന് ആദ്യം ആശ്രയിക്കാവുന്ന സുഹൃത്താണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് പുറമേ, മാലിദ്വീപിന് 100 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക സഹായം കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന എല്ലാ പദ്ധതികളും കൃത്യസമയത്ത് തന്നെ പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വളരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രേറ്റർ മാലി കണക്ടിവിറ്റി പ്രോജക്ടിന്റെ പുതിയ ഘട്ടം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് പദ്ധതി സമർപ്പിച്ചത്. മാലിദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ പുരോഗമിക്കുന്ന ഗ്രേറ്റർ മാലി കണക്ടിവിറ്റി പ്രോജക്ട്.

പദ്ധതി പ്രകാരം 4000 സാമൂഹ്യ ഭവന യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഇത് കൂടാതെ 2000 സാമൂഹ്യ ഭവന യൂണിറ്റുകൾക്ക് കൂടി ഇന്ത്യ സാമ്പത്തിക സഹായം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ് രാജ്യാന്തര കുറ്റകൃത്യങ്ങളും ഭീകരവാദവും മയക്കുമരുന്ന് കടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മേഖലയിലും സുരക്ഷാ രംഗത്തും ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണം പ്രസക്തമാകുന്നത് ഇവിടെയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ സുപ്രധാന അയൽരാജ്യമാണ് മാലിദ്വീപ്. കൊറോണ വ്യാപനത്തിന്റെ നാളുകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ സഹകരണം മാതൃകാപരമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദി പറയുന്നതായും, മാലിദ്വീപിൽ റുപേ കാർഡുകൾ പ്രാവർത്തികമാക്കിയത് മികച്ച തീരുമാനമാണെന്നും മാലിദ്വീപ് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണം നയതന്ത്ര തലത്തിനും അപ്പുറമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്നും മാലിദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസമാണ് മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്.

Related Articles

Back to top button