LatestThiruvananthapuram

വേഷം പ്രതിഷേധമാക്കി ജീവിച്ച ‘മാക്സി മാമ’ യഹിയ അന്തരിച്ചു

“Manju”

കടയ്ക്കൽ: വേഷം പ്രതിഷേധമാക്കി ജീവിച്ച മാക്സി മാമയെന്ന യഹിയ അന്തരിച്ചു. മുണ്ട് മടക്കിക്കുത്തിയത് അഴിച്ചില്ലെന്നു പറഞ്ഞ് എസ്ഐയുടെ അടിയേറ്റതിനെത്തുടർന്നാണ് മുക്കുന്നം പുതുക്കോട് റുക്സാന മൻസലിൽ യഹിയ മുണ്ടും ഷർട്ടും മാറ്റി വേഷം നൈറ്റി ആക്കിയത്. മരണം വരെയും മാക്‌സി ധരിച്ചായിരുന്നു പ്രവാസി മലയാളി കൂടിയായിരുന്ന യഹിയയുടെ പ്രതിഷേധം. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു മരണം.
ഭാര്യ മരിച്ചതോടെ യഹിയ ഒറ്റയ്ക്കായിരുന്നു താമസം. മുക്കുന്നത് പൊലീസുകാരന്റെ വീട്ടിലെ പോര്‍ച്ചിലായിരുന്നു ഏറെക്കാലം താമസം. വീട്ടില്‍ ഇടം നല്‍കിയിട്ടും ചായ്പ് വിടാന്‍ അദ്ദേഹം തയ്യാറായില്ല. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് താമസം മാറി.
ഇന്നലെ രാവിലെ കടയ്ക്കൽ മുക്കുന്നത്ത് ഇടപ്പണയിൽ ഇളയ മകൾ സീനയുടെ വീട്ടിലായിരുന്നു അന്ത്യം. മുക്കുന്നത്ത് ആർഎംഎസ് എന്ന പേരിൽ തട്ടുകട നടത്തുന്നതിനിടെയാണ് എസ്ഐയെ ബഹുമാനിച്ചില്ലെന്ന കാരണം പറഞ്ഞു തല്ലു കിട്ടിയത്.
പ്രവാസം ജീവിതം കഴിഞ്ഞ് മടങ്ങിയെത്തി കടയ്ക്കലില്‍ തട്ടുകട നടത്തിയിരുന്ന യഹിയയുടെ പ്രതിഷേധങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കടക്ക് സമീപത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യത്തിന് എതിരെ ആയിരുന്നു ആദ്യപ്രതിഷേധം.
മടക്കികുത്തിയ മുണ്ട് അഴിച്ചിടാത്തതില്‍ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവിതാവസാനം വരെ നൈറ്റി വേഷം ധരിച്ചു. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിന് എതിരെയും യഹിയ പ്രതിഷേധിച്ചു. തലയിലെ ഒരുഭാഗത്തെ മുടിമുറിച്ചായിരുന്നു പ്രതിഷേധം. നോട്ട് മാറാതെ തിരിച്ചെത്തി 23,000 രൂപ കത്തിച്ചു. യഹിയയുടെ തട്ടകടയിലെ വിഭവങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Back to top button