KeralaLatestThiruvananthapuram

സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച മഴ തുടരും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച വരെ മഴ തുടരും.
ഡിസംബര്‍ രണ്ട് വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാനുള്ള സൂചനയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഡിസംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെസാധാരണ തോതിലുള്ള മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
• നവംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
• നവംബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
• നവംബര്‍ 29: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തെത്ത് എത്തും. ചക്രവാതചുഴി നിലവില്‍ കോമറിന്‍ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദം ആന്‍ഡമാന്‍ കടലില്‍ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറ് – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യത.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്നും നാളെയും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കി. മീ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആന്‍ഡമാന്‍ കടലില്‍ സമാന കാലാവസ്ഥയായിരിക്കും.
ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആനയിറങ്ങല്‍, പൊന്മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ (ഇടുക്കി)എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. മാട്ടുപ്പെട്ടി (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Related Articles

Back to top button