KeralaLatest

കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും തകര്‍ത്തു

“Manju”

തൃശ്ശൂര്‍ : ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകളും സിസിടിവി ക്യാമറകളും ടിപ്പര്‍ ലോറി തകര്‍ത്തു. കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറയും തകര്‍ന്ന് പിന്‍ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചതാണ് വന്‍ നാശനഷ്ടത്തിന് വഴിവെച്ചത്. അപകടത്തില്‍ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 8:45 ഓടെയാണ് അപകടം നടന്നത്. ഒന്നാം തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശ്ശൂരിലേക്ക് വരുന്ന ഭാഗത്താണ് ലൈറ്റുകളും സിസിടിവി ക്യാമറകളും തകര്‍ന്നത്. അപകടത്തില്‍ ഏകദേശം 104 ലൈറ്റുകള്‍ തകര്‍ന്നു. തുരങ്കത്തിന്റെ തുടക്കത്തില്‍ 90 മീറ്റര്‍ വരെ ദൂരത്തില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളാണ് തകര്‍ന്നു വീണത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നാണ് വിലയിരുത്തല്‍.

ലൈറ്റുകള്‍ പൊട്ടിവീണത് അറിഞ്ഞ് ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി വാഹനത്തിന്റെ പിന്‍ഭാഗം താഴ്ത്തി യാത്ര തുടര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വണ്ടി തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നുണ്ട്. തുരങ്കത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

തുരങ്കത്തിലെ വെളിച്ച സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകളാണ് അപകടത്തില്‍ തകര്‍ന്നത്. ലഭ്യത കുറവുള്ള തരം ലൈറ്റുകള്‍ ആയതിനാല്‍ തുരങ്കത്തിലെ വെളിച്ച സംവിധാനം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിട്ടേക്കാം. രണ്ടാം തുരങ്കം തുറന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള തിരക്ക് കുറഞ്ഞതിനാല്‍ ലൈറ്റുകളുടെ അഭാവം വാഹനഗതാഗതത്തെ ബാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് കുതിരാനിലെ രണ്ടാം തുരങ്കപാത പൊതുഗതാഗതത്തിന് തുറന്നു കൊടുത്തത്.

Related Articles

Back to top button