KeralaLatest

പാലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ച നിലയില്‍

“Manju”

ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ച നിലയില്‍. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുകുള്‍ ആര്യയുടെ ആകസ്മിക മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടുക്കം രേഖപ്പെടുത്തി. ഒരുപാട് കഴിവുകളുള്ള പ്രതിഭാധനനും മിടുക്കനുമായ ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പമെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സംഭവത്തില്‍ ഫലസ്തീന്‍ ഭരണകൂടവും നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. അംബാഡസര്‍ ആര്യയുടെ മരണം വലിയ ഞെട്ടലോടെയും നടുക്കത്തോടെയുമാണ് കേട്ടതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലികി പ്രതികരിച്ചു. സംഭവസ്ഥലത്ത് ഉടന്‍ തന്നെ എത്തി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും പ്രധാനമന്ത്രി മുഹമ്മദ് ഷതിയ്യയും പൊലീസിനും ആരോഗ്യ, ഫോറന്‍സിക് വിഭാഗത്തിനുമെല്ലാം നിര്‍ദേശം നല്‍കിയതായി മന്ത്രാലയം അറിയിച്ചു.
2008 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് മുകുള്‍ ആര്യ. അഫ്ഗാനിസ്താനിലെ കാബൂള്‍, റഷ്യയിലെ മോസ്‌കോ എംബസികളിലും സേവനമനുഷ്ഠിച്ചു. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button