കുത്തേറ്റു മരിച്ച മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്. ‘മെറിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ചിരുന്നു. ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാൻ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്.
അവളുടെ ചിരിച്ചു വർത്തമാനം പറയുന്ന പഴയ മുഖം മതി ഓർമയിൽ. നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണും…മെറിന്റെ അമ്മ മേഴ്സി പറഞ്ഞു.
മെറിന്റെ മകളായ നോറ (2) ഇപ്പോൾ മോനിപ്പള്ളിയിലെ വീട്ടിലുണ്ട്.
എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു സൂചന. 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.