KeralaLatest

ഈദ് സുഹൃദ് സംഗമത്തിന് ഉള്ളൂര്‍ അരമന വേദിയായി.

“Manju”

തിരുവനന്തപുരം : കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് ഉള്ളൂര്‍ അരമന ഈദ് സുഹൃദ് സംഗമത്തിന് വേദിയായി. നാനാത്വത്തിലെ വൈവിദ്ധ്യമാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമെന്നും അത് നമ്മുടെ കരുത്തായിരിക്കട്ടെയെന്നും ബിഷപ്പ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി പറഞ്ഞു. പലനിറങ്ങളുടെ സമ്മേളനമാണ് മനോഹരമായ മഴവില്ല്. അതുപോലെയാണ് പലവേഷം, ജീവിതരീതി, ആചാരം, വ്യത്യസ്ത ജീവിത സാഹചര്യങ്ങള്‍, വിവിധ മതങ്ങള്‍ ഇവയുടെയൊക്കെ മനോഹരമായ സമ്മേളനം നിറഞ്ഞ നമ്മുടെ ഈ രാജ്യം. പലതരത്തിലുള്ള മനുഷ്യരുടെ ഐക്യത്തോടെ അനുകമ്പയോടെ, സ്നേഹത്തോടെയുള്ള പരസ്പര പൂരകമായ ജീവിതം, അതാണ് നമ്മുടെ രാജ്യം ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം മതേതരത്ത്വത്തിന്റെ സന്ദേശം ഈ രാജ്യത്തിന് മാതൃകയായി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഈദ് സംഗമവേദിയില്‍ വിരിയുന്ന വൈവിദ്ധ്യതയുടെ ഇഴകള്‍ പാകിമിനുസപ്പെടുത്തിയ ഈ മഴവില്ല് നമ്മുടെ രാജ്യമാകെ പടര്‍ന്ന് പ്രശോഭിക്കട്ടെ എന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഈദ് സുഹൃദ് വേദി ചെയര്‍മാനും മുന്‍ എം.പി.യുമായ പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ മലയാള മനോരമ ചീഫ് എ‍ഡിറ്റര്‍ മാര്‍ക്കോസ് ഏബ്രഹാം, ഇമാം ഷംസുദ്ദീന്‍ അല്‍ഖാസിമി, പെര്‍ഫക്ട് ഗ്രൂപ്പ് എം.ഡി അഡ്വ എം.എ. സിറാജുദ്ദീന്‍, നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഡോ.ഫെബി വര്‍ഗീസ്, സിന്ദൂരം ചാരിറ്റി ചെയര്‍മാന്‍ സബീര്‍ തിരുമല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ സ്വാഗതം ആശംസിച്ച യോഗത്തിന് ജില്ലാ പ്രസിഡന്റ് കെ.എച്ച്.എം. അഷറഫ് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button