AlappuzhaLatest

ചെമ്പിൽ താലികെട്ട്

“Manju”

ആലപ്പുഴ : ദുരിതപ്പെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ആലപ്പുഴ തലവടിയിലാണ് സംഭവം. കനത്ത മഴയില്‍ നാടൊട്ടാകെ വെള്ളത്തില്‍ മുങ്ങിയതോടെ ചെമ്പില്‍ കയറി എത്തി താലിക്കെട്ടേണ്ടി വന്നിരിക്കുകയാണ് ആലപ്പുഴയിലെ വധൂവരന്‍മാര്‍ക്ക്.
ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശും ഐശ്വര്യയുമാണ് വെള്ളകെട്ടിനിടെ ചെമ്പ് പാത്രത്തില്‍ കയറിയിരുന്ന് വിവാഹിതരായത്. അപ്രതീക്ഷിത പ്രളയത്തില്‍ തലവടി പനയന്നൂർകാവ് ദേവി ക്ഷേത്ര പരിസരം മുഴുവന്‍ വെള്ളത്തിലായതോടെയാണ് ഇവര്‍ക്ക് ചെമ്പില്‍ കയറി താലിക്കെട്ടിനെത്തേണ്ടി വന്നത്. നേരത്തെ നിശ്ചയിച്ചതായിരുന്നു വിവാഹം. ഈ ക്ഷേത്രത്തില്‍ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. സമീപത്തെ ജംഗ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ വലിയ ചെമ്പ് തന്നെ ഒരുക്കിയിരുന്നു.
താലിക്കെട്ടിന് ശേഷം ചെമ്പില്‍ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിവാഹ വസ്ത്രത്തില്‍ ഒരു തുള്ളിവെള്ളം പോലും വീഴാതെ ഒപ്പമുള്ളവര്‍ വലിയ പിന്തുണ നല്‍കി. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.തകഴി സ്വദേശിയാണ് വരൻ ആകാശ് അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയാണ് വധു.
അതേസമയം, അരയ്‌ക്കൊപ്പം വെള്ളമാണ് പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഹാളിൽ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ഞായറാഴ്ച പകല്‍ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കന്‍വെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.

Related Articles

Back to top button