KeralaLatest

സഞ്ജുവിനെ പ്രശംസിച്ച്‌ ആരാധകന്‍ എഴുതിയ പോസ്റ്റ് വൈറലാകുന്നു

“Manju”

കൊച്ചി: രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച നായകന്‍ സഞ്ജുവിനെ പ്രശംസിച്ച്‌ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കടന്നത്. ഇപ്പോഴിതാ, സഞ്ജുവിനെ പ്രശംസിച്ച്‌ മലയാളി ആരാധകന്‍ എഴുതിയ പോസ്റ്റ് വൈറലാകുന്നു. സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വോണിനുശേഷം രാജസ്ഥാനെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ചത് സഞ്ജുവാണെന്നും ഒരു നല്ല നായകന്‍ സ്വന്തം കളിക്കാരില്‍ വിശ്വാസം വെച്ചുപുലര്‍ത്തണമെന്നും സന്ദീപ് ദാസ് പറയുന്നു.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-                                                                                                  ഞങ്ങള്‍ മത്സരിച്ചത് അതിശക്തരായ രാജസ്ഥാന്‍ റോയല്‍സിനോടാണ്. ഫൈനലില്‍ കളിക്കാന്‍ അവര്‍ക്ക് തന്നെയാണ് അര്‍ഹത..’
രണ്ടാം ക്വാളിഫയറിലെ പരാജയത്തിനുശേഷം ആര്‍സിബി നായകന്‍ ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞ വാക്കുകളാണിത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ഡ്യൂപ്ലെസി വാനോളം പുകഴ്ത്തിയ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസനാണ്. കേരളീയര്‍ക്ക് അഭിമാനത്താല്‍ പുളകം കൊള്ളാനുള്ള വകയുണ്ട്. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. സഞ്ജുവിന്റെ നേട്ടത്തിന്റെ വലിപ്പം എന്താണെന്ന് നമുക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടോ? അയാള്‍ വേണ്ടവിധം അംഗീകരിക്കപ്പെടുന്നുണ്ടോ?

രാജസ്ഥാന്‍ 2008ല്‍ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. അന്ന് ഷെയ്ന്‍ വോണ്‍ ആയിരുന്നു അവരുടെ സ്കിപ്പര്‍. അക്കാലത്ത് സഞ്ജു കേരളത്തിലെ മൈതാനങ്ങളില്‍ അണ്ടര്‍-16 ക്രിക്കറ്റ് കളിച്ചുനടക്കുകയായിരുന്നു.
വോണിനുശേഷം രാജസ്ഥാന്റെ നായകപദവി അലങ്കരിച്ചത് ഷെയ്ന്‍ വാട്സന്‍, രാഹുല്‍ ദ്രാവിഡ്, സ്റ്റീവ് സ്മിത്ത്, അജിന്‍ക്യ രഹാനെ തുടങ്ങിയവരായിരുന്നു. എല്ലാവരും അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലര്‍. പക്ഷേ രാജസ്ഥാനെ ഐപിഎല്‍ ഫൈനലില്‍ എത്തിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അക്കാര്യം സാധിച്ചെടുത്തത് സഞ്ജു മാത്രമാണ്‌!

അഹമ്മദാബാദില്‍ സഞ്ജു എന്ന നായകന്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നതാണ് രാജസ്ഥാന്റെ കരുത്ത്. നോക്കൗട്ട് ഗെയിമുകളില്‍ റണ്‍ചേസ് ഒട്ടും എളുപ്പവുമല്ല. പക്ഷേ ടോസ് നേടിയ സഞ്ജു ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. പരീക്ഷണങ്ങള്‍ നടത്താനുള്ള ധൈര്യം തനിക്കുണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു സഞ്ജു!           ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തല്ലിച്ചതച്ച ടീമാണ് ആര്‍സിബി. സഞ്ജുവും കൂട്ടരും അവരെ 157 റണ്‍സില്‍ ഒതുക്കി. രാജസ്ഥാന്റെ തുറുപ്പുചീട്ടുകളായ അശ്വിനും ചഹലും നിറം മങ്ങിയ ദിവസമായിരുന്നു. പക്ഷേ പേസ് ബോളര്‍മാരെ ഉപയോഗിച്ച്‌ സഞ്ജു കളി വരുതിയിലാക്കി.

ഒരു നല്ല നായകന്‍ സ്വന്തം കളിക്കാരില്‍ വിശ്വാസം വെച്ചു പുലര്‍ത്തണം. സഞ്ജു അതാണ് ചെയ്തത്. ഗുജറാത്തിനോട് സംഭവിച്ച പരാജയത്തിന്റെ പേരില്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. ഡേവിഡ് മില്ലര്‍ നിലം തൊടാതെ പറത്തിയ പ്രസിദ് കൃഷ്ണയെക്കൊണ്ട് സഞ്ജു വീണ്ടും ഡെത്ത് ഓവറുകള്‍ എറിയിച്ചു. ദിനേഷ് കാര്‍ത്തിക്, ഹസരംഗ എന്നിവരെ തുടരെ പുറത്താക്കിയാണ് പ്രസിദ്ധ് നന്ദി പ്രകാശിപ്പിച്ചത്. രാജസ്ഥാനന്റെ ലെഫ്റ്റ് ആം സീമര്‍ മക്കോയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. അസുഖബാധിതയായ അമ്മയെക്കുറിച്ചോര്‍ത്ത് അയാളുടെ മനസ്സ് നീറുന്നുണ്ടെന്ന് രാജസ്ഥാന്‍ കോച്ച്‌ സംഗക്കാര വെളിപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള മക്കോയ് ബാംഗ്ലൂരിനെതിരെ ഒന്നാന്തരമായി പന്തെറിഞ്ഞു. ഒരു കിടിലന്‍ ക്യാച്ചും എടുത്തു. മക്കോയ് ഇങ്ങനെ തിളങ്ങുമ്പോള്‍ സഞ്ജുവിന് സന്തോഷിക്കാം. മോശമായി പന്തെറിഞ്ഞപ്പോഴെല്ലാം സഞ്ജു മക്കോയിയെ പ്രചോദിപ്പിച്ചിരുന്നു. തോളില്‍ കൈവെച്ച്‌ സംസാരിച്ചിരുന്നു. ഗുജറാത്തിനെതിരായ ക്വാളിഫയറിലെ തന്റെ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ മക്കോയ് ഇങ്ങനെ മാറിയതില്‍ സഞ്ജുവിന് നല്ല പങ്കുണ്ട്.

ഇത്രയൊക്കെ ചെയ്ത സഞ്ജുവിനെ പ്രശംസിക്കാന്‍ കളി പറച്ചിലുകാര്‍ മടികാട്ടി. പ്രശംസയുടെ ഒരു വരി പറഞ്ഞത് മാത്യു ഹെയ്ഡന്‍ മാത്രം. ഒരു ചെറിയ പിഴവ് പറ്റിപ്പോയാല്‍ പക തീര്‍ക്കുന്നതുപോലെ സഞ്ജുവിനെ വിമര്‍ശിക്കുന്ന സുനില്‍ ഗാവസ്കര്‍മാര്‍ വിരാജിക്കുന്ന ഇടമാണ് ഐപിഎല്ലിന്റെ കമന്ററി ബോക്സ് എന്ന കാര്യം കൂടി ഓര്‍ക്കണം.

സഞ്ജുവിന്റെ സ്ഥാനത്ത് ധോണിയോ കോഹ്ലിയോ രോഹിതോ ആയിരുന്നുവെങ്കിലോ? ഡെല്‍ഹി ക്യാപ്പിറ്റല്‍സിനെ വിജയകരമായി തോളിലേറ്റാന്‍ ഋഷഭ് പന്തിന് കഴിഞ്ഞിരുന്നുവെങ്കിലോ? ഇതേ കമന്റേറ്റര്‍മാര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് സാഗരം തീര്‍ക്കുമായിരുന്നില്ലേ? ക്യാപ്റ്റന്റെ ബുദ്ധിവെെഭവത്തെക്കുറിച്ച്‌ സ്റ്റാര്‍ സ്പോര്‍ട്സ് പ്രത്യേക പരിപാടി സംഘടിപ്പിക്കുമായിരുന്നില്ലേ?

ബ്രില്യന്‍സ് കാണിച്ചത് പാവത്താനായ സഞ്ജു ആയതുകൊണ്ട് ആര്‍ക്കും മിണ്ടാട്ടമില്ല!                                             ഈ സീസണില്‍ നാനൂറിലധികം റണ്ണുകള്‍ സഞ്ജു സ്കോര്‍ ചെയ്തിട്ടുണ്ട്. അതും 150-ന്റെ പരിസരത്തുള്ള പ്രഹരശേഷിയില്‍. ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം അയാള്‍ നൂറുശതമാനം അര്‍ഹിച്ചിരുന്നു. എന്നിട്ടും സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴഞ്ഞു. ആ നീതികേടിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രമുഖരാരും തയ്യാറായില്ല.
സഞ്ജുവിനെ കല്ലെറിയാന്‍ ഏറ്റവും കൂടുതല്‍ ഉത്സാഹം കാണിക്കുന്നത് ചില മലയാളികളാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്നവരും പരിഹസിക്കപ്പെടുന്നു.
ക്വാളിഫയറില്‍ സഞ്ജു ഹസരംഗയ്ക്കെതിരെ കളിച്ച മോശം ഷോട്ടിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും ചര്‍ച്ച ചെയ്യുന്നത്. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നല്ലതുതന്നെയാണ്. സഞ്ജുവിന്റെ പ്ലസ് പോയിന്റ്സ് അതിനിടയില്‍ മുങ്ങിപ്പോവരുത് എന്ന് മാത്രം.

സഞ്ജുവിനെ കുറ്റം പറയാന്‍ ആവശ്യത്തിലേറെ ആളുകളുണ്ട്. അയാളെ നെഞ്ചിലേറ്റാന്‍ നമ്മള്‍ മാത്രമേയുള്ളൂ. അത് മറന്നുകൂടാ!
ഐപിഎല്‍ റിട്ടയര്‍മെന്റ് പദ്ധതികളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മഹേന്ദ്രസിംഗ് ധോണി ഇപ്രകാരം പറഞ്ഞിരുന്നു
അവസാന മത്സരം ചെന്നൈയില്‍ വെച്ച്‌ കളിക്കണം എന്നാണ് ആഗ്രഹം. ഇന്ത്യയിലെ പ്രധാന വേദികളിലെല്ലാം ഒരിക്കല്‍ക്കൂടി ചെല്ലണം. എല്ലാവരോടും യാത്ര പറയണം…

അങ്ങനെയൊരു യാത്ര എം.സ്.ഡി നടത്തുന്ന സമയം വരും. അന്ന് ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞുവെച്ച വാചകങ്ങള്‍ക്ക് ഒരു അനുബന്ധം കൂടിയുണ്ടാകും
ഞാന്‍ മടങ്ങുകയാണ്. വെറുതെയങ്ങ് പോവുകയല്ല. എന്റെ കിരീടവും ചെങ്കോലും ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാള്‍ ഇവിടെയുണ്ട്. അവന്റെ പേര് സഞ്ജു വിശ്വനാഥ് സാംസണ്‍ എന്നാണ്…!’

Related Articles

Back to top button