IndiaLatest

ചത്തീസ് ഗഡ് ആദ്യ മുഖ്യമന്ത്രി അന്തരിച്ചു

“Manju”

സിന്ദുമോള്‍ ആര്‍.

റായ്പുർ ∙ ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ജോഗിയെ ഈ മാസം ഒൻപതിനാണ് ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച.

ഛത്തീസ്‌ഗഡ് കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസിൽ നിന്നു രാജിവച്ചാണ് കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ടു രാജീവ് ഗാന്ധിയാണ് രാഷ്ട്രീയത്തിലെത്തിച്ചത്. സംസ്ഥാനം രൂപീകരിച്ചപ്പോൾ ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായി. 2016 ൽ കോൺഗ്രസിൽ നിന്നു രാജിവച്ചു. അപകടം മൂലം വർഷങ്ങളായി ചക്രക്കസേരയിൽ ഇരുന്നായിരുന്നു പൊതുപ്രവർത്തനം. സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ച ജോഗി ‘ജനത കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടിയുമായാണു കഴിഞ്ഞതവണ രംഗത്തിറങ്ങിയത്.

നാടകീയതകൾ ധാരാളമുള്ളതാണു ജോഗിയുടെ ജീവിതം, ‌നെഹ്റു–ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തി. ഛത്തീസ്‌ഗഡ് രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി കോൺഗ്രസിന് വേറൊരാളെ അന്വേഷിക്കേണ്ടതില്ലായിരുന്നു തുടക്കത്തിൽ പ്രതീക്ഷ നൽകിയ മുഖ്യമന്ത്രി വളരെ പെട്ടന്നു വിവാദങ്ങളുടെ ചുഴിയിൽപ്പെട്ടു. അനധികൃത സ്വത്തുസമ്പാദനം മുതൽ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎൽഎമാരെ വിലയ്‌ക്കു വാങ്ങാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് 2003 ൽ പാർട്ടി പുറത്താക്കി. പിന്നീട് തിരിച്ചെടുത്ത് 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരവസരം നൽകി. അപ്പോഴായിരുന്നു വിധിനിർണായകമായ അപകടം.

Related Articles

Back to top button