InternationalLatest

ബാറ്ററി നിർമാണത്തിന് പുതിയ വഴി കണ്ടെത്തി ഗവേഷകര്‍

“Manju”

ഇലക്ട്രിക് കാറുകളുടെ ബാറ്ററികള്‍ ഭാവിയില്‍ ഞണ്ടും ചെമ്മീനും പോലുള്ള പുറംതോടുള്ള ജീവികളില്‍ നിന്നും നിര്‍മിച്ചാല്‍ അദ്ഭുതപ്പെടേണ്ട. കാരണം ഞണ്ടിന്റേയും ചെമ്മീന്റേയുമെല്ലാം പുറംതോടില്‍ നിന്നും പ്രകൃതിക്ക് അനുയോജ്യമായ ബാറ്ററികള്‍ നിര്‍മിക്കാനാവുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. മാറ്റര്‍ എന്ന ശാസ്ത്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മേരിലാൻഡ് സര്‍വകലാശാലയിലെ പ്രഫ. ലിയാങ്ബിങ് ഹുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനത്തിനു പിന്നില്‍.

ഇലക്ട്രിക് വാഹന വിപണി ശക്തമായതോടെ ബാറ്ററികളുടെ നിര്‍മാണം വര്‍ധിച്ചത് വലിയ തോതില്‍ മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന ആശങ്ക നേരത്തെ തന്നെ ശക്തമാണ്. ലിഥിയം അയേണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന പോളികാര്‍ബണേറ്റ് സെപ്പരേറ്ററുകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെ എടുത്താണ് പ്രകൃതിയില്‍ അലിയുകയെന്നതാണ് പ്രധാന ഭീഷണി. നിലവില്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് ലിഥിയം അയേണ്‍ ബാറ്ററികളാണ്.

ബയോപോളിമറായ ചിറ്റിന്‍ ഇപ്പോള്‍ തന്നെ മരുന്നുകളിലും കീടനാശിനികളിലും രാസവളങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന ബാറ്ററികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റായാണ് ജെല്‍ രൂപത്തിലുള്ള ചിറ്റിനെ ഉപയോഗിക്കുന്നത്. പ്രകൃതിയില്‍ പല ജീവികളിലും ചിറ്റിന്‍ കാണപ്പെടുന്നുണ്ട്. ഫംഗസുകളുടെ കോശ ഭിത്തികളിലും പുറംതോടുള്ള ജീവികളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ തന്നെ ഞണ്ടുകളും ചെമ്മീനുമൊക്കെയാണ് ഇതിന്റെ പ്രധാന ഉറവിടം. അതുകൊണ്ടുതന്നെ ഇപ്പോള്‍ മാലിന്യമായി കളയുന്ന ചെമ്മീന്റേയും ഞണ്ടുകളുടേയും പുറംതോടുകള്‍ ഭാവിയില്‍ വൈദ്യുതി ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കാന്‍ വരെ സാധ്യതയുണ്ട്.

ഇങ്ങനെ നിര്‍മിക്കുന്ന ബാറ്ററികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രകൃതിയില്‍ അലിഞ്ഞുചേരുന്നവയാണ്. വെറും അഞ്ച് മാസം മതി ഇവ പൂര്‍ണമായും മണ്ണോടുമണ്ണാവാന്‍. ബാറ്ററിയിലെ സിങ്ക് വീണ്ടും ഉപയോഗിക്കാനുമാകും.
ഇങ്ങനെ നിര്‍മിച്ച ജൈവ ബാറ്ററികള്‍ കാര്യക്ഷമതയുടെ കാര്യത്തിലും മുന്നിലാണ്. ആയിരം തവണ ഉപയോഗിച്ച ശേഷവും 99.7 ശതമാനം കാര്യക്ഷമത ഇവ പുലര്‍ത്തുന്നുണ്ട്. ഇന്ന് പ്രകൃതിക്ക് ഭീഷണിയാവുന്ന ബാറ്ററികള്‍ ഭാവിയില്‍ പൂര്‍ണമായി തന്നെ പ്രകൃതിക്ക് യോജിച്ചവയാവുമെന്ന പ്രതീക്ഷയും പ്രഫ. ലിയാങ്ബിങ് ഹു പ്രകടിപ്പിക്കുന്നു

Related Articles

Back to top button