IndiaLatest

മന്ത്രിപുത്രന്റെ വിവാഹത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ വിവാദം

“Manju”

കുമളി: മന്ത്രിപുത്രന്റെ ആര്‍ഭാട വിവാഹത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ വിവാദം. 120 കോടി രൂപ ചെലവഴിച്ചു നടത്തിയ വിവാഹച്ചടങ്ങുകള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയായതിനു പിന്നാലെ രാഷ്ട്രീയ, സാമുദായിക സംഘടനകളും പ്രതികരണങ്ങളുമായി രംഗത്തെത്തി.തമിഴ്‌നാട് രജിസ്‌ട്രേഷന്‍ മന്ത്രി പി. മൂര്‍ത്തിയുടെ മൂത്ത മകന്‍ ധ്യാനേഷും തൃച്ചി സ്വദേശിനി സ്മൃതി വര്‍ഷിനിയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ഒന്‍പതിന് മധുര പാണ്ടികോവില്‍ മണ്ഡപത്തില്‍ നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി അടക്കം പങ്കെടുത്തിരുന്നു.
”ബാഹുബലി” സിനിമയുടെ സെറ്റിനെ ഓര്‍മിപ്പിക്കുന്ന ബ്രഹ്മാണ്ഡ മണ്ഡപത്തിലായിരുന്നു ചടങ്ങുകള്‍. രണ്ടായിരം ആടിനേയും 10,000 കോഴികളെയുമാണ് അതിഥിസല്‍ക്കാരത്തിനായി കശാപ്പ് ചെയ്തത്. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്നതായിരുന്നു പന്തല്‍. ഒരേ സമയം പതിനായിരം പേര്‍ക്കു വീതം ഭക്ഷണം കഴിക്കാനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.നൂറുകണക്കിന് വി.ഐ.പികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. മട്ടനും ചിക്കനും ഉപയോഗിച്ചുള്ള വിവിധ ഇനം ഭക്ഷണങ്ങള്‍, വിവിധയിനം പഴച്ചാറുകള്‍, പലഹാരങ്ങള്‍ എന്നിവയെല്ലാം അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. രണ്ടു മാസം കൊണ്ടാണ് പന്തല്‍ സജ്ജമാക്കിയത്.തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിതയുടെ വളര്‍ത്തു മകന്‍ സുധാകരന്റെ കല്യാണം ആത്യാര്‍ഭാടമായി നടത്തിയത് വിവാദമായിരുന്നു. നൂറു കോടി രൂപയാണു ജയലളിത അന്ന് വിവാഹത്തിനായി ചെലവഴിച്ചതെന്നായിരുന്നു ആരോപണം.

Related Articles

Back to top button