KeralaLatest

രാജ്യത്തിന് അഭിമാനമാവാൻ പുത്തൂര്‍ പാര്‍ക്ക്

“Manju”

ലോകത്തിനു മുന്നില്‍ രാജ്യത്തിന് അഭിമാനമാവാൻ സുവോളജിക്കല്‍ പാര്‍ക്ക് തൃശൂരിലെ പുത്തൂരില്‍ അവസാനഘട്ട നിര്‍മ്മാണപ്രവര്‍ത്തനത്തിലാണ്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ ഇവിടേയ്ക്ക്മാറ്റുന്നതോടെ അടുത്ത ഓണത്തിന് മുൻപേ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കും. ഇതോടെ വിദേശികളടക്കം നിരവധി വിനോദസഞ്ചാരികള്‍ തൃശൂരിലെത്തുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞയാഴ്ച മൂന്ന് മയിലുകളെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് പാര്‍ക്കിലെത്തിച്ചാണ് വന്യജീവി വാരാഘോഷത്തിന് തുടക്കമിട്ടത്. അടുത്തയാഴ്ച മുതല്‍ എല്ലാ പക്ഷികളെയും കൊണ്ടുവരും. മാനുകളെയും കടുവ, സിംഹം തുടങ്ങിയവയെയും മാറ്റുന്നതോടെ പാര്‍ക്ക് തുറക്കാനുളള വഴിയൊരുങ്ങും. പാര്‍ക്കിന്റെ ഭാഗമായുള്ള മൃഗാശുപത്രിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സെന്റര്‍ സൂ അതോറിട്ടിയുടെ അംഗീകാരം നേടിക്കഴിഞ്ഞു. നിര്‍മ്മാണവും ഏറെക്കുറെ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നിന്നും കാട്ടുപോത്തും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരടികളെയും കൊണ്ടുവരാൻ നടപടിയായി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മൃഗങ്ങളെ എത്തിക്കാനുള്ള നടപടിക്രമങ്ങളും തുടരുകയാണ്.

വിസ്തൃതിയിലും ഏറെ ശ്രദ്ധേയം : 350 ഏക്കറിലൊരുങ്ങുന്ന പാര്‍ക്കിന് ചെലവ് 300 കോടി കവിയും. തൃശൂര്‍ മൃഗശാലയില്‍ നിന്ന് കൊണ്ടുവരുന്നത് 439 പക്ഷിമൃഗാദികളെയാണ്. പാര്‍ക്ക് തുറക്കുമ്ബോള്‍ ചുരുങ്ങിയത് 500 ഓളം പക്ഷിമൃഗാദികളുണ്ടാകും.

തൃശൂര്‍ മൃഗശാലയില്‍ നിലവില്‍ ഒരു സിംഹം മാത്രമാണുളളത്. കടുവയും പുലിയും നാലെണ്ണം വീതവും. വയനാട്ടില്‍ നിന്ന് 6 കടുവയും എത്തുന്നുണ്ട്. പുള്ളിമാനുകളും കലമാനുകളും ഹോഗ് ഡിയറും കൃഷ്ണമൃഗവുമായി ഇരുന്നൂറിലേറെയുണ്ട്. പക്ഷേ, ഇതൊന്നും വിദേശസഞ്ചാരികളെ ആകര്‍ഷിക്കാൻ പോന്നതല്ലാത്തതിനാല്‍ വിദേശയിനങ്ങള്‍ കൂടുതല്‍ വേണ്ടിവരും. ആഫ്രിക്കൻ മാൻ, അനാക്കോണ്ട, ജിറാഫ്, സീബ്ര, ആഫ്രിക്കൻ ഹിപ്പോപൊട്ടാമസ് എന്നിവയേയും കൊണ്ടുവരാനാണ് ലക്ഷ്യം.

ആദ്യഡിസൈനര്‍ മൃഗശാല : പ്രശസ്ത ഓസ്‌ട്രേലിയൻ മൃഗശാലാ ഡിസൈനര്‍ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് രാജ്യത്തെ ആദ്യ ഡിസൈനര്‍ മൃഗശാലയാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ തുറസായി പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പ്രധാന ആകര്‍ഷണീയത. ഈവിധം 23 ഓളം ഇടങ്ങളാണ് പുത്തൂരുള്ളത്. മൂന്നെണ്ണം പക്ഷികള്‍ക്കായുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. വെറ്ററിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്കുള്ള ഭക്ഷണ കേന്ദ്രങ്ങള്‍, മൃഗങ്ങളെ കാണാനുള്ള സന്ദര്‍ശക ഗാലറികള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റര്‍, സര്‍വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ട്രാം സ്റ്റേഷനുകള്‍, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം എന്നിവയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറുമെന്നും വന്യജീവി വാരാഘോഷ പരിപാടികള്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്കുള്ള കൗണ്ട്ഡൗണായിരുന്നുവെന്നുമാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്. എന്തായാലും പാര്‍ക്ക് കേരളത്തിന്റെ അഭിമാനമാകുമെന്നതില്‍ തര്‍ക്കമില്ല.

മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നം : മൂന്ന് പതിറ്റാണ്ടിന്റെ സ്വപ്നമാണ് പുത്തൂരില്‍ സഫലമാകുന്നത്. മൃഗശാല നവീകരണത്തിന്റെ അനിവാര്യതയെക്കുറിച്ച്‌ മാറിവന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത് ഫ്രണ്ട്സ് ഒഫ് സൂ എന്ന സംഘടനയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ആ സംഘടനയുടെ പ്രവര്‍ത്തനവും എടുത്തു പറയണം. അതത് കാലത്തെ സര്‍ക്കാരുകളും മന്ത്രിമാരും മറ്റു ജനപ്രതിനിധികളും എല്ലാം സുവോളജിക്കല്‍ പാര്‍ക്കിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും തടസങ്ങളും അലംഭാവങ്ങളും ഏറെയുണ്ടായി. നിയമങ്ങളുടെയും സാങ്കേതികത്വങ്ങളുടെയും കുരുക്കുകള്‍, വകുപ്പുകള്‍ തമ്മിലുള്ള ആന്തരിക വടംവലികള്‍ എന്നിവയെല്ലാം കാലതാമസം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇത്തരം പ്രതിസന്ധികളെ പരമാവധി ലഘൂകരിച്ചു കൊണ്ട് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് പദ്ധതി വനംവകുപ്പിനെ ഏല്‍പ്പിക്കണമെന്നും തൃശൂര്‍ മൃഗശാലയിലെ പക്ഷിമൃഗാദികളെ അവിടേക്ക് മാറ്റാനുള്ള അനുമതി ഉണ്ടാകണമെന്നും ഫ്രണ്ട്സ് ഒഫ് സൂ അഭ്യര്‍ത്ഥിച്ചത്. രാജ്യത്തെ മികച്ച സുവോളജിക്കല്‍ പാര്‍ക്കായി തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറി. സംസ്ഥാന മൃഗശാല വകുപ്പിന്റെ നിയന്ത്രണത്തില്‍ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക്
സ്ഥാപിക്കാൻ നല്‍കിയ അപേക്ഷ വേണ്ടത്ര അനുബന്ധ രേഖകളില്ല എന്ന കാരണത്താല്‍
കേന്ദ്ര മൃഗശാല അതോറിട്ടി ഒരിക്കല്‍ തിരിച്ചയച്ചിരുന്നു. സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പദ്ധതി വനംവകുപ്പിനെ ഏല്‍പ്പിക്കുക മാത്രമാണ് സാദ്ധ്യതയെന്ന് ഇതോടെ കൂടുതല്‍ വ്യക്തമാവുകയായിരുന്നു. ഫ്രണ്ട്സ് ഒഫ് സൂ വര്‍ഷങ്ങള്‍ക്കു മുൻപ് നിര്‍ദ്ദേശിച്ചതും ഇതുതന്നെയായിരുന്നു. സുവോളജിക്കല്‍ പാര്‍ക്കിനായി പുത്തൂരില്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് പരമാവധി സ്ഥലം
ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലവും ആധുനികവുമായ സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മൃഗശാല അതോറിട്ടിക്ക് നിവേദനം സമര്‍പ്പിച്ചതും ഫ്രണ്ട്സ് ഒഫ് സൂ ആയിരുന്നു. പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മിക്കാനായി അനുമതി തേടി സംസ്ഥാന മൃഗശാല വകുപ്പ് കേന്ദ്ര മൃഗശാല അതോറിട്ടിക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം പരിശോധിക്കുന്നതിനായി
സെൻട്രല്‍ സൂ അതോറിട്ടിയില്‍ നിന്ന് വിദഗ്ധ സമിതി അംഗം എസ്.സി.ശര്‍മ്മ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഓഫീസര്‍ ബ്രിഡ്ജ് കിഷോര്‍ ഗുപ്ത എന്നിവര്‍ 2011 ജനുവരി 28ന് പുത്തൂരിലെത്തി. ഏറ്റവും അനുയോജ്യമായ സ്ഥലമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധ സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പുത്തൂരിലെ 336 ഏക്കര്‍ വനഭൂമിയില്‍ അൻപതോ 90 ഏക്കറോ മാത്രമെടുത്ത് മൃഗശാല നവീകരണം നടത്താൻ സംസ്ഥാന മൃഗശാല വകുപ്പ് ശ്രമം നടത്തിയിരുന്നു. സുവോളജിക്കല്‍ പാര്‍ക്ക്
പരമാവധി സ്ഥലം എടുത്തുകൊണ്ട് വിശാലമായി സ്ഥാപിക്കണമെന്നാശ്യപ്പെട്ട് വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്കും സെൻട്രല്‍ സൂ അതോറിട്ടിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചതും ഫ്രണ്ട്സ് ഒഫ് സൂ ആയിരുന്നു. അതിനാല്‍ത്തന്നെ ഈ നേട്ടത്തിന്റെ ഒരു പങ്ക് ആ സംഘടനയ്ക്കും അവകാശപ്പെട്ടതാണ്.

Related Articles

Back to top button