IndiaLatest

508 സ്റ്റേഷനുകളിലും ഒരേ സമയം ശിലാസ്ഥാപനം, കേരളത്തില്‍ നിന്ന് 35 സ്റ്റേഷനുകള്‍

“Manju”

ന്യൂഡല്‍ഹി: അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴില്‍ മുഖം മിനുക്കാനൊരുങ്ങി റെയില്‍വേ സ്റ്റേഷനുകള്‍. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഓഗസ്റ്റ് ആറിന് ഓണ്‍ലൈനായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 24,470 കോടി രൂപ ചെലവില്‍ 2025-ഓടെയാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുക.

പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും സ്‌റ്റേഷൻ കെട്ടിടങ്ങളുടം രൂപകല്‍പ്പന. ഇത്രയധികം റെയില്‍വേ സ്റ്റേഷനുകള്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരേ സമയം നവീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത് ചരിത്രപരമായ നീക്കമാകുമെന്ന് റെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിരീക്ഷണവും ദര്‍ശനവുമാണ് ഇവയുടെ നവീകരണത്തിലേക്ക് എത്തിച്ചതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഈ 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്‌ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയില്‍ 15-ഉം കര്‍ണാടകയില്‍ 13-ഉം കേരളത്തില്‍ 35 സ്റ്റേഷനുകളും നവീകരിക്കും. പാലക്കാട് ഡിവിഷനില്‍ കണ്ണൂര്‍ ഉള്‍പ്പെടെ 16 സ്‌റ്റേഷനുകളുണ്ട്. ഇതില്‍ ആറെണ്ണത്തിന്റെ ശിലാസ്ഥാപനച്ചടങ്ങാണ് നാളെ നടക്കുക. സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളില്‍ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും.

ഷൊര്‍ണൂര്‍ ജംഗ്ഷൻ, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷൻ, നാഗര്‍കോവില്‍ എന്നീ സ്‌റ്റേഷനുകളില്‍ രാവിലെ എട്ട് മുതല്‍ ആഘോഷം ആരംഭിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉള്‍പ്പെടെയുള്ള കലകളുണ്ടാകും. ഓരോ സ്‌റ്റേഷനിലും മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പട്ട ജനപ്രതിനിധികള്‍ പങ്കെടുക്കുന്നതിന്റെ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. ഷൊര്‍ണൂരില്‍ രണ്ട് മന്ത്രിമാരടക്കം ആറ് പേരെയാണ് ക്ഷണിച്ചത്. തിരൂര്‍ സ്റ്റേഷനില്‍ കൗണ്‍സിലറടക്കം എട്ട് പേരുണ്ടാകും. വടകരയില്‍ മന്ത്രിമാരടക്കം പത്ത് പേരുണ്ടാകും. കാസര്‍കോട് സ്‌റ്റേഷനില്‍ നാല് പേരും മംഗളൂരുവില്‍ കര്‍ണാടക മന്ത്രിയടക്കം ഏഴ് പേരും പങ്കെടുക്കും.

Related Articles

Back to top button