KeralaLatest

ദേശീയ വിദ്യാഭ്യാസനയം തള്ളി സ്കൂൾ പാഠ്യപദ്ധതിരേഖ

“Manju”

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി.) നിർദേശിച്ച സ്കൂൾ വിദ്യാഭ്യാസഘടന നിരസിച്ച് കേരളം. ശിശുവിദ്യാഭ്യാസത്തിൽ തുടങ്ങി സെക്കൻഡറിവരെ നാലുഘട്ടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസത്തെ വേർതിരിച്ചാണ് എൻ.ഇ.പി. നിർദേശം. എന്നാൽ, പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി വേർതിരിക്കാനാണ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ കരടു ചട്ടക്കൂടിലെ ശുപാർശ

എന്നാൽ, കേന്ദ്രം നിർദേശിച്ചപോലെ നിലവിലെ അഞ്ചു വയസ്സിനു പകരം ആറാമത്തെ വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാവുന്ന തരത്തിൽ മാറ്റം ശുപാർശ ചെയ്തിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ മികവ് കൈവരിക്കാൻ ഒരു ക്ലാസിൽ പരമാവധി 20 കുട്ടികളെവരെ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് മറ്റൊരു ശുപാർശ.

ക്ലാസ് മുറിയിൽ സഹവർത്തിത്വപഠനം, അന്വേഷണാത്മക പ്രവർത്തനങ്ങൾ, കുട്ടികളുടെ ജനാധിപത്യരീതിയിലുള്ള പ്രകടനങ്ങൾ എന്നിവയ്ക്കു മതിയായ ഭൗതികസൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാവണം. കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മറ്റു വിദ്യാലയങ്ങളുമായി സംയുക്തപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമൊരുക്കാമെന്നും പാഠ്യപദ്ധതിരേഖ നിർദേശിക്കുന്നു.

സൈബർനിയമം ഉൾപ്പെടെയുള്ളവ പാഠ്യപദ്ധതി ഉള്ളടക്കമാക്കാനാണ് നിർദേശം. ഇതിനു പുറമേ, സാമൂഹികസേവനം, രോഗപ്രതിരോധം, ശുചിത്വം, ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, റോഡ്‌ സുരക്ഷ, ബാലനീതിനിയമം, മാനസികാരോഗ്യം തുടങ്ങിയവയും ഉള്ളടക്കമാവണം.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഘടന (5+3+3+4)

* മൂന്നുമുതൽ എട്ടു വയസ്സുവരെ അഞ്ചു വർഷത്തെ ഫൗണ്ടേഷൻ ഘട്ടം. (പ്രീ-പ്രൈമറി മുതൽ രണ്ടാംക്ലാസ് വരെ)
* മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ ഉൾപ്പെട്ട മൂന്നുവർഷത്തെ പ്രിപ്പറേറ്ററി ഘട്ടം.
* ആറ്, ഏഴ്, എട്ട് ക്ലാസുകൾ ഉൾപ്പെട്ട മൂന്നു വർഷത്തെ മധ്യഘട്ടം.
* ഒമ്പതുമുതൽ 12 ക്ലാസുവരെയുള്ള നാലുവർഷത്തെ സെക്കൻഡറി ഘട്ടം.
കേരള പാഠ്യപദ്ധതി ചട്ടക്കൂട് (3+7+5)

* മൂന്നുമുതൽ അഞ്ചു വയസ്സുവരെയുള്ള മൂന്നുവർഷത്തെ ശിശുപരിചരണ വികാസഘട്ടം.
* ആറുമുതൽ 12 വയസ്സുവരെയുള്ള ഏഴു വർഷത്തെ പ്രൈമറിഘട്ടം (ഒന്നുമുതൽ ഏഴാംക്ലാസ് വരെ)
* 13 മുതൽ 17 വയസ്സുവരെയുള്ള സെക്കൻഡറി-ഹയർ സെക്കൻഡറി ഘട്ടം (എട്ടുമുതൽ 12-ാം ക്ലാസുവരെ).
വേണ്ടത് അനുയോജ്യമായ പാഠ്യപദ്ധതി

ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കുന്നതല്ല സർക്കാരിന്റെ സമീപനം. കേരളത്തിന്റെ സാഹചര്യംകൂടി കണക്കിലെടുത്ത് അതിന് അനുയോജ്യമായ രീതിയിലാവും പുതിയ പാഠ്യപദ്ധതി. – മന്ത്രി വി. ശിവൻകുട്ടി

Related Articles

Back to top button