InternationalLatest

ഇന്ത്യ, ബൊപ്പണ്ണ-ഋതുജ സഖ്യം ഫൈനലില്‍

“Manju”

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസില്‍ രണ്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം ഫൈനലിലെത്തി. സെമിയില്‍ ടൂര്‍ണമെന്റിലെ മൂന്നാം സീഡായ ചൈനീസ് തായ്‌പേയിയുടെ സു യു സിയോ-ചാന്‍ ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-ഋതുജ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-1, 3-6, 10-4. ആദ്യ സെറ്റ് അനായാസം നേടിയ ഇന്ത്യയ്ക്ക് രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. എന്നാല്‍ മൂന്നാം സെറ്റില്‍ തിരിച്ചടിച്ച ഇന്ത്യ മത്സരം സ്വന്തമാക്കി. ഇതോടെ ഈ ഇനത്തില്‍ ചുരുങ്ങിയത് വെള്ളി മെഡലെങ്കിലും ഇന്ത്യ സ്വന്തമാക്കും.

നേരത്തേ പുരുഷ ഡബിള്‍സില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യം ചൈനീസ് തായ്‌പേയിയുടെ ജേസണ്‍ ജങ്-സു യു സിയോ സഖ്യത്തോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി സ്‌കോര്‍: 6-4, 6-4. ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണമെഡല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

Related Articles

Back to top button