KeralaLatest

മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്.

“Manju”
ചെന്നൈ: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് കേരളത്തിന് നോട്ടീസ് നൽകി. പരാതി സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളോടും ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്.
കേരളത്തിൽ നിന്നുള്ള 10 ടൺ മാലിന്യങ്ങൾ ലോറിയിലെത്തിച്ച് ഒക്ടോബർ ഏഴിന് നാങ്കുനേരിയുടെ വിവിധ ഭാഗങ്ങളിൽ തള്ളി എന്നതായിരുന്നു മാദ്ധ്യമങ്ങളിലെ വാർത്ത. പ്ലാസ്റ്റിക്, ഗാർഹിക മാലിന്യം, ആശുപത്രി മാലിന്യങ്ങൾ എന്നിവയാണ് വലിച്ചെറിയുന്നതെന്നാണ് പരാതി. ഇളയാർകുളം റോഡിൽ മാലിന്യം തട്ടിയത് കാരണം ഇത് വഴിയുള്ള വാഹന ഗതാഗതം തടസപ്പെടുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും തള്ളുന്നതായി നേരത്തേയും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ജസ്റ്റിസ് പുഷ്പ സത്യനാരായണയും വിദഗ്ധ അംഗം സത്യഗോപാൽ കോർലാപ്പട്ടിയുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
അനധികൃത മാലിന്യ നീക്കത്തിന്റെ കാര്യം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരളത്തോടും തമിഴ്നാടിനോടും ട്രിബ്യൂണൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ആശുപത്രിമാലിന്യം അതിർത്തികടന്ന് തെങ്കാശിയിലെ ഗ്രാമങ്ങളിൽ തള്ളുന്നതിനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു. തുടർന്ന് ലോറി ഡ്രൈവർമാരെയും ഇവർക്ക് സൗകര്യം ചെയ്ത് കൊടുക്കുന്ന ഇടനിലക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021-ലെ സമാനമായ മറ്റൊരു കേസിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും മലിനീകരണ നിയന്ത്രണ ഏജൻസികളെ ഏകോപിപ്പിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു.

Related Articles

Back to top button