IndiaLatest

മലിന ജലം ശുദ്ധീകരിക്കുന്നതിന് സുപ്രധാന കണ്ടെത്തല്‍

“Manju”

മലിന ജലത്തെ ശുദ്ധീകരിക്കുന്നതിനായി സുപ്രധാന കണ്ടെത്തലുമായി ഐഐടി മദ്രാസ്. മാലിന്യം നീക്കം ചെയ്യുന്നതിനായി എയ്‌റോജെൽ അഡ്‌സോർബന്റ് ആണ് ഐഐടി മദ്രാസും ടെൽ അവീവ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചത്. ശാന്തി സ്വരൂപ് ഭട്‌നാഗർ പ്രൈസ് അവാർഡ് ജേതാവും മദ്രാസ് ഐഐടി അദ്ധ്യാപകനുമായ പ്രൊഫ. രജനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. മദ്രാസ് ഐഐടിയിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരായ സുഭാഷ് കുമാർ ശർമ്മ, പി. രഞ്ജനി, ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് സ്‌കൂൾ ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫ. ഹഡാസ് മാമ്‌നെ എന്നിവരുടെ സംഘമാണ് ഇതിന് പിന്നിൽ.

ഗ്രാഫൈറ്റിൽ നിന്ന് വേർതിരിച്ചെടുത്തതും ശുദ്ധമായ കാർബൺ കൊണ്ട് നിർമിച്ചതുമായ ഗ്രാഫീൻ എന്ന അർദ്ധ-ചാലക ലോഹത്തിൽ മാറ്റം വരുത്തിയ സിലിക്ക എയ്‌റോജെൽ (Graphene-Modified Silica Aerogel) 76 ശതമാനത്തോളം മാലിന്യത്തെ നീക്കം ചെയ്യാൻ കഴിവുള്ളതാണെന്ന് ഐഐടി മദ്രാസിന്റെ പത്രക്കുറിപ്പിൽ പറയുന്നു. തുടർച്ചയായി ഒഴുക്കുള്ള സാഹചര്യങ്ങളിലെ ജലത്തിൽ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. വൻ തോതിലുള്ള ജലശുദ്ധീകരണത്തിന് ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് പ്രതീക്ഷ.

‘സോളിഡ് എയർ’ അല്ലെങ്കിൽ ‘ഫ്രോസൺ സ്‌മോക്ക്’ എന്നും അറിയപ്പെടുന്ന എയ്‌റോജെല്ലുകൾ മികച്ച അഡ്സോർബന്റുകളാണ്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഖര പദാർത്ഥമാണ് അഡ്സോർബന്റുകൾ. നന്നേ ഭാരം കുറഞ്ഞ ഖരപദാർത്ഥങ്ങളാണ് ഇവ. ഉപരിതല രസതന്ത്രം, കുറഞ്ഞ സാന്ദ്രത, ഉയർന്ന പോറസ് ഘടന എന്നിവ പോലുള്ള ഗുണങ്ങൾ ഇവ വാഗ്ദാനം ചെയ്യുന്നു. ഈ കണ്ടെത്തലുകൾ അടുത്തിടെ പ്രശസ്ത ജേണലായ നേച്ചർ സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ചിരുന്നു. പരിഷ്‌കരിച്ച ഗ്രാഫീനിൽ നിർമ്മിച്ച സിലിക്ക എയറോജെല്ലുകൾ അതിവേഗം വെള്ളത്തെ ശുദ്ധീകരിക്കുന്നു. ഗ്രാഫീനിന്റെ വ്യത്യസ്തകരമാർന്ന തന്മാത്ര ഘടന മാലിന്യങ്ങളെ വളരെ പെട്ടെന്ന് ആകർഷിക്കുന്നു. ഇതിന് പുറമേ ഇവയെ കണ്ടെത്തി നീക്കം ചെയ്യുന്നതിലും ഗ്രാഫീൻ കാര്യക്ഷമത പ്രകടിപ്പിച്ചതായി ഗവേഷക സംഘം വ്യക്തമാക്കുന്നു.

Related Articles

Back to top button