KeralaLatest

മൂന്നാം വയസില്‍ മോഷണം ഹോബിയാക്കിയ ഉമാപ്രസാദ്

“Manju”

 

തിരുവനന്തപുരം: നഗരത്തിന്റെ ഭൂമിശാസ്‌ത്രം ഗൂഗിളില്‍ തെരഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്പത്തി ഉമാപ്രസാദ് മോഷണപ്ലാന്‍ തയ്യാറാക്കാന്‍ തിരുവനന്തപുരത്ത് മേയ് 28ന് വിമാനമിറങ്ങിയത്. പഴവങ്ങാടി ഫോര്‍ട്ട് വ്യൂ ഹോട്ടലില്‍ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോവളം, ശംഖുംമുഖം വേളി, മ്യൂസിയം ഉള്‍പ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ച് നഗരംകണ്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌ത് ലൊക്കേഷനുകള്‍ മനസില്‍ പതിച്ചു.

ജൂണ്‍ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി. ജൂണ്‍ 19ന് ഫോര്‍ട്ട് സ്റ്റേഷൻ പരിധിയില്‍ വാഴപ്പളളിയിലെ രത്നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടില്‍ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടില്‍ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂര്‍ത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താൻ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ കൂടുതല്‍ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.

വജ്രവും സ്വര്‍ണവും നഗരമദ്ധ്യത്തില്‍ :  ചാക്ക ബൈപ്പാസില്‍ അനന്തപുരി ആശുപത്രിക്ക് എതിര്‍വശമുളള ഫ്ലൈഓവറിന്റെ തൂണുകള്‍ക്കരികെയാണ് കവറില്‍ 5.27 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവും ഉമാപ്രസാദ് സൂക്ഷിച്ചത്. ഒരാഴ്‌ച അടുപ്പിച്ച്‌ ആഭരണങ്ങള്‍ ഇവിടെയിരിപ്പുണ്ടായിരുന്നു. രാവിലെ വിമാനത്താവളത്തില്‍ നിന്ന് പ്രതിയുമായി പൊലീസ് ഇവിടേക്കാണ് ആദ്യമെത്തിയത്. വിലപിടിപ്പുളള സ്വര്‍ണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും അമ്ബരന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചെറിയ സ്യൂട്ട്‌കേസില്‍ പാലത്തിന് താഴെയാണ് സൂക്ഷിച്ചിരുന്നതെന്ന് പേട്ട സി.ഐ സാബു.ബി പറഞ്ഞു.

നഗരം ചുറ്റാൻ ഓട്ടോ : വിമാനത്തിലാണ് വരവെങ്കിലും നഗരം ചുറ്റാൻ ഉമാപ്രസാദിന് ഇഷ്‌ടം ഓട്ടോയാണ്. ഊടുവഴികളിലൂടെയടക്കം സഞ്ചരിക്കാൻ ഓട്ടോ വഴി സാധിക്കും. പകല്‍ ഓട്ടോ പിടിച്ച്‌ നഗരം മുഴുവൻ കറങ്ങും.മോഷണത്തിന് അനുയോജ്യമായ പ്രദേശവും വീടുകളും കണ്ടുപിടിക്കുകയാണ് ലക്ഷ്യം.രാത്രി ഒമ്ബതര ആകുന്നതോടെ കണ്ടുപിടിച്ച വീടിനടുത്തെത്തി പതുങ്ങിയിരിക്കും.എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തുടര്‍ചലനങ്ങള്‍.

ആന്ധ്രാ പൊലീസിന് എട്ടിന്റെ പണി : മൂന്നാം വയസ് മുതല്‍ മോഷണങ്ങള്‍ ഉമാപ്രസാദിന്റെ ഹോബിയാണ്.അന്നേ ആഭരണങ്ങളോടാണ് ഇഷ്‌ടം. കുറ്റവാസനയുളള ഉമാപ്രസാദ് എങ്ങനെ ഖമ്മം പൊലീസ് സ്റ്റേഷനില്‍ കയറിപ്പറ്റിയെന്നതാണ് കൗതുകം. സ്റ്റേഷനിലെ പാര്‍ട് ടൈം ജീവനക്കാരനായിരുന്ന ഇയാള്‍ ജീവനക്കാരുടെ വിശ്വസ്‌തനായിരുന്നു.പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങളെല്ലാം അറിയാമായിരുന്ന ഉമാപ്രസാദ് അതും മുതലാക്കി. പത്തോളം ആഭരണ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മോഷ്‌ടിക്കുന്നസ്വര്‍ണം പണയം വച്ച്‌ കിട്ടുന്ന പണമാണ് വരുമാനം. വിമാനയാത്രയ്‌ക്കടക്കം ചെലവാക്കുന്നതും ഈ തുകയാണ്.

നഗരത്തിലെ മോഷണ പരമ്പര : പേട്ട മൂലവിളാകത്തെ വീട്ടില്‍ തലയില്‍ തൊപ്പിയും മുഖത്ത് മാസ്‌കും കൈയുറയും ധരിച്ചായിരുന്നു കവര്‍ച്ച. മോഷണം നടന്ന വീട്ടിലെ ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.ഷോര്‍ട്സും ഫുള്‍കൈ ടീ ഷര്‍ട്ടുമായിരുന്നു വേഷം.എന്നാല്‍ മോഷ്‌ടാവിന്റെ മുഖം പൂര്‍ണമായും മറച്ച നിലയിലായതിനാല്‍ പ്രതിയെ പിടികൂടാൻ ബുദ്ധിമുട്ടി. വീട് പൂട്ടി കോവളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പോയ ഗൃഹനാഥനും ഭാര്യയും പിറ്റേദിവസം മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയെങ്കിലും തുമ്ബൊന്നും ലഭിച്ചില്ല. മതില്‍ ചാടിക്കടന്ന് വീട്ടിലെ കോമ്ബൗണ്ടിലെത്തിയ മോഷ്ടാവ് സി.സി ടി.വി ക്യാമറയിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ജനല്‍ക്കമ്ബി വളച്ച്‌ വീട്ടില്‍ കടന്നശേഷം ക്യാമറ സിസ്റ്റം ഓഫ് ചെയ്‌ത ശേഷമാണ് മോഷണം നടത്തി കടന്നത്. കിടപ്പുമുറിയിലെ ഇരുമ്ബ് അലമാര കുത്തിപ്പൊളിച്ചായിരുന്നു മോഷണം.സ്വര്‍ണാഭരങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയില്‍ 12,000 രൂപ ഉണ്ടായിരുന്നെങ്കിലും അത് നഷ്‌ടപ്പെട്ടില്ല.അകത്തുകടന്ന മോഷ്ടാവ് അടുക്കള വാതിലിലൂടെയാണ് രക്ഷപ്പെട്ടത്. വളര്‍ത്തുനായയുള്ള വീടാണിത്.

മണക്കാട് നജാബിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ ആഭരണങ്ങള്‍ക്കൊപ്പം സി.സി ടി.വി ബോക്‌സും കൊണ്ടുപോയി. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ജൂണ്‍ 25 മുതല്‍ തൃശൂരിലായിരുന്ന നജാബും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.മോഷണദൃശ്യം പതിഞ്ഞ ക്യാമറ തുണികൊണ്ട് മറച്ച ശേഷം സി.സി.ടി.വി ബോക്‌സ് കള്ളൻ കൊണ്ടുപോവുകയായിരുന്നു. അന്നേ മൂലവിളാകത്തെ കളളൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് പേട്ടയിലെയും ഫോര്‍ട്ടിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായുളള അന്വേഷണം ആരംഭിച്ചത്.പേട്ട സി.ഐ സാബു.ബി,ഫോര്‍ട്ട് സി.ഐ രാകേഷ്.കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്.ഐ ഉമേഷ്,പേട്ട എസ്.ഐ അഭിലാഷ്,ഫോര്‍ട്ട് എസ്.ഐമാരായ വിനോദ്,സാബു,തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു,രാജീവ്,രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

എവറസ്റ്റ് കീഴടക്കാനും നോക്കി : മൂന്ന് വര്‍ഷം മുമ്പ് ഇരുപതാം വയസില്‍ താൻ എവറസ്റ്റ് കീഴടക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും മുഴുവൻ കയറാൻ പറ്റിയില്ലെന്നുമാണ് ഉമാപ്രസാദ് പൊലീസിനോടു പറഞ്ഞത്. പറയുന്നതൊന്നും മുഴുവൻ വിശ്വസിക്കുന്നില്ലെന്ന് കമ്മിഷണര്‍ നാഗരാജു പറഞ്ഞു.

Related Articles

Back to top button