KeralaLatest

ക്ഷയം: ആലപ്പുഴയില്‍ മരണനിരക്ക് ഉയര്‍ന്നു

“Manju”

ആലപ്പുഴ: ജില്ലയില്‍ ക്ഷയരോഗ മരണനിരക്ക് ഉയര്‍ന്നു. രോഗബാധിതരില്‍ 12 ശതമാനം പേര്‍ മരണത്തിന് കീഴടങ്ങുന്നതില്‍ ആശങ്ക.

പഠനത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. പാണാവള്ളിയില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിനി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പ്രതിവര്‍ഷം ജില്ലയില്‍ 1200 മുതല്‍ 1350 ക്ഷയരോഗബാധിതരുണ്ട്. കോവിഡിനുശേഷമാണ് മരണസംഖ്യ കൂടിയത്.

ആറ് ശതമാനത്തില്‍നിന്ന് 12 ശതമാനം വരെയായി മരണനിരക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ക്ഷയരോഗം ബാധിച്ച്‌ ജില്ലയില്‍ മരിച്ചത് 105 പേരാണ്. 1158 പേര്‍ക്ക് രോഗം കണ്ടെത്തി. മരിച്ചതില്‍ ഏറെയും പ്രായം കൂടിയവരാണ്. മറ്റ് രോഗങ്ങളുള്ളവരാണ് കൂടുതലും. രോഗം കണ്ടെത്താൻ വൈകുന്നതും കൃത്യമായ ചികിത്സ കിട്ടാത്തതും മരണ കാരണമാകുന്നു. 2019ല്‍ 6.80 ശതമാനമായിരുന്നു. 2021ല്‍ 9.48ഉം 2022ല്‍ 12ഉം ശതമാനമായി ഉയര്‍ന്നു.

കരുതല്‍ വേണം

നേരത്തെ കണ്ടെത്തിയാല്‍ ക്ഷയരോഗത്തിന് കൃത്യമായ ചികിത്സയുണ്ട്. ആന്റി ടി.ബി. മരുന്നുകൊടുത്താല്‍ ഭേദമാകും. രോഗം കണ്ടുപിടിക്കാൻ താമസിച്ചാല്‍ മരണത്തിന് കാരണമാകും. മരുന്നുകള്‍ ഏല്‍ക്കാത്ത ക്ഷയരോഗാണുബാധയും മരണത്തിലേക്ക് നയിക്കാം. ശ്വാസകോശത്തെക്കൂടാതെ മസ്തിഷ്കത്തെയും ബാധിച്ച്‌ മരണം സംഭവിക്കാം. തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ 95 ശതമാനം പേരുടെയും രോഗം ഭേദമാക്കാം.

മദ്യപാനം, പുകവലി, പ്രമേഹം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, പോഷകാഹാരക്കുറവ്, പ്രതിരോധശേഷിക്കുറവ്, കരള്‍രോഗം തുടങ്ങിയവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ശ്വാസകോശ ക്ഷയരോഗമുള്ള വ്യക്തി ചുമക്കുമ്ബോഴും തുമ്മുമ്ബോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തുന്നു. ഈ വായു ശ്വസിക്കാന്‍ ഇടവരുന്ന വ്യക്തികള്‍ക്ക് ക്ഷയ രോഗബാധ ഉണ്ടാകും.

ലക്ഷണങ്ങള്‍

രണ്ടാഴ്ചയലധികം നീളുന്ന പനി, ചുമ, വൈകുന്നേരങ്ങളില്‍ ശരീരതാപനില ഉയരുന്നത്, രാത്രി ശരീരം വിയര്‍ക്കുക, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് ലക്ഷണം. പലരും ഈ ലക്ഷണങ്ങള്‍ കണ്ടാലും യഥാസമയം ചികിത്സ തേടാറില്ല. അത് രോഗം വഷളാക്കും. ചിലര്‍ അംഗീകൃതമല്ലാത്ത ചികിത്സകളെ ആശ്രയിക്കുന്നു. ഇതും അപകടമാണ്. നെഞ്ചിന്റെ ഭാഗത്ത് എക്സ്റേ എടുത്തുനോക്കിയും കഫ പരിശോധന നടത്തിയും ക്ഷയരോഗം കണ്ടെത്താം. നിലവില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്. ആറുമാസത്തെ ചികിത്സയിലൂടെ ക്ഷയരോഗം പൂര്‍ണമായും ഭേദമാക്കാം.

സര്‍വേ കാര്യക്ഷമമല്ല

ക്ഷയരോഗ നിര്‍ണയ സര്‍വേ കാര്യക്ഷമമല്ലെന്ന് സൂചന. നിശ്ചിത ഇടവേളകളില്‍ ഉദ്യോഗസ്ഥര്‍ വീടുതോറും എത്തി വിവരശേഖരണവും പരിശോധനകളും നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പലപ്പോഴും നടക്കുന്നില്ലെന്നാണ് പരാതി.

 

Related Articles

Back to top button