IndiaLatest

ഗവർണർക്ക് ഇനി കേന്ദ്ര സുരക്ഷ

“Manju”

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണ് വിവരം.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.

നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്‌ക്കാകും ഗവർണറുടെ സുരക്ഷാ ചുമതല. ഇതിൽ പത്തിലേറെ കമാൻഡോകളും ഉൾപ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണർക്ക് അകമ്പടി സേവിക്കും.

Related Articles

Back to top button