IndiaLatest

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം

“Manju”

ന്യൂഡല്‍ഹി: ആർബിഐയുടെ ഡിജിറ്റല്‍ കറൻസിയായ ഇ-റുപ്പി ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ഉപയോഗിക്കാൻ സൗകര്യമൊരുങ്ങുന്നു. ഓഫ്‌ലൈനായി ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം ഉടൻ ആരംഭിക്കും. നിശ്ചിത ആവശ്യത്തിന് മാത്രമായി ഇ-റുപ്പിയുടെ ഉപയോഗം താത്കാലികമായി പരിമതിപ്പെടുത്താനും സംവിധാനമൊരുങ്ങും. മലയോര മേഖലകളിലും ഡിജിറ്റല്‍ രൂപ വിനിമയം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

നിലവില്‍ ഡിജിറ്റല്‍ രൂപ വാലറ്റ് വഴി വ്യക്തിഗത, വ്യാപാര ഇടപാടുകള്‍ക്കാണ് ഉപയോഗിക്കുന്നത്. പണം എന്താവശ്യത്തിന് ഉപയോഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച്‌ പ്രോഗ്രാം ചെയ്ത് നല്‍കാനും വൈകാതെ സൗകര്യമൊരുക്കുമെന്നും ആർബിഐ അറിയിച്ചു. ഇത്തരത്തില്‍ ഒരാള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ രൂപ അതേ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ക്ഷേമ പദ്ധതികള്‍ക്കും മറ്റ് സർക്കാർ ഏജൻസികള്‍ നല്‍കുന്ന പണം അതേ ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉള്‍പ്പടെ ഇതുവഴി സാധിക്കും. ജീവനക്കാർക്ക് ബിസിനസ് യാത്രക്കള്‍ക്കും മറ്റും നല്‍കുന്ന പണം നിയന്ത്രിക്കാൻ കോർപ്പറേറ്റുകള്‍ക്കും ഇത് സൗകര്യം നല്‍കും. നല്‍കുന്ന തുക എത്ര കാലം, ഏതെല്ലാം മേഖലയില്‍ ഉപയോഗിക്കാനാകുമെന്നല്ലാം മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും.

യുപിഐ വഴി ഓഫ് ലൈനായി ഇടപാടുകള്‍ നടത്താൻ കഴിയുന്നതിന് സമാനമായ രീതിയിലാകും ഇ-റുപ്പി ഓഫ്‌ലൈൻ ഇടപാടുകളും. ഗ്രാമങ്ങള്‍, നഗരങ്ങള്‍, മലനിരകള്‍ എന്നിവിടങ്ങളില്‍ സൗകര്യം ലഭ്യമാക്കാനായി പല മാർഗങ്ങള്‍‌ പരീക്ഷിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2022 ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച്‌ ഇ-റുപ്പി ഒരു വർഷം പിന്നിടുമ്പോള്‍ പ്രതിദിനം 10 ലക്ഷം ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button