KeralaLatest

ഇടുക്കിയില്‍ 92 കാരന്റെ വോട്ട് രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ കൊടും കാട്ടിലൂടെ നടന്നത് 18 കി.മി

“Manju”

മൂന്നാര്‍: ഇടുക്കിയില്‍ കിടപ്പുരോഗിയുടെ വോട്ട് രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍വനത്തിലൂടെ നടന്നത് 18 കിലോമീറ്റര്‍. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലകുടിയിലെ 92 കാരന്‍ ശിവലിംഗത്തിന്റെ വോട്ട് രേഖപ്പെടുത്താന്‍ വേണ്ടിയായിരുന്നു മൂന്നു സ്ത്രീകളടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ യാത്ര. മൂന്നാറില്‍ നിന്നും ഇടമലക്കുടി കോപ്പക്കാടുവരെ ജീപ്പ് മാര്‍ഗ്ഗമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത്.

കോപ്പക്കാടു നിന്നും നൂറടിയിലെക്ക് 9 കിലോമീറ്റര്‍ കാല്‍നടയായി ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന പാതയിലൂടെ നടന്നുള്ള യാത്ര. ആനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ സ്ഥിരമായി ഇറങ്ങുന്ന മേഖലയിലൂടെ സ്‌പെഷ്യല്‍ പോളീംഗ് ഓഫീസര്‍മാരായ മൂന്നു സ്ത്രീകളടങ്ങുന്ന 9 അംഗ സംഘം ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെ നടന്നു തുടങ്ങി. കൊടും വനത്തിലൂടെയുള്ള യാത്രക്കിടെ ഇടക്കിടെ കാണുന്ന നാലോ അഞ്ചോ കുടികള്‍ മാത്രമായിരുന്നു ഏക ആശ്വാസം.

ഒട്ടും സുരക്ഷിതമല്ലാത്ത മരപ്പാലങ്ങളിലൂടെ ഓരോരുത്തരായാണ് കയറിയത്. ആനച്ചൂര് മനസിലാക്കാന്‍
വനംവകുപ്പിന്റെ സംഘവും ഉണ്ടായിരുന്നു

അഞ്ചേകാല്‍ മണിക്കൂര്‍ നടന്ന് നൂറടിയിലെത്തി 31-ാം ബൂത്തിലെത്തി. ബൂത്ത് ലെവല്‍ ഓഫീസറെത്തി സംഘത്തെ ശിവലിംഗത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഏറെക്കാലമായി കിടപ്പിലാണ് ഇദ്ദേഹം. എണീറ്റിരിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. വോട്ട് ചെയ്യാന്‍ ചെറുമകന്റെ സഹായം വേണമെന്നതിനാലാണ് അപേക്ഷ നല്‍കിയത്.

കിടക്കക്ക് അരികില്‍ തന്നെ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റ് ഒരുക്കി തീര്‍ത്തും രഹസ്യ സ്വഭാവത്തോടെ സമ്മതിദാന അവകാശം നിര്‍വഹിക്കാനുള്ള അവസരം വോട്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കി. അവിടെവച്ചുതന്നെ ബാലറ്റ് പേപ്പര്‍ സുരക്ഷിതമായി വോട്ടുപെട്ടിയിലുമാക്കി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര പറയുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പുകയായിരുന്നു ശിവലിംഗം.

മഴയ്ക്ക് സാധ്യതയുണ്ടായിരുന്നതിനാല്‍ കയ്യില്‍ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ച് വിശ്രമിക്കാന്‍ നില്‍ക്കാതെ രണ്ടേകാലോടെ മടക്കയാത്ര ആരംഭിച്ചു. ഇരുവശത്തേക്കുമായി പതിനെട്ട് കിലോമീറ്റര്‍ നീണ്ട കാല്‍നടയാത്രയ്ക്ക് ശേഷം കേപ്പക്കാടെത്തുമ്പോള്‍ സമയം 7.15.

ഒരു വോട്ട് രേഖപ്പെടുത്താനായി ഉദ്യോഗസ്ഥര്‍ മൊത്തം നടന്നത് 18 കിലോമീറ്റര്‍ ആണ്. നടപ്പ് ശരീരക്ഷീണം ഉണ്ടാക്കിയെങ്കിലും വലിയോരു ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആവശമായിരുന്നു അപ്പോഴും പോളീംഗ് ഉദ്യോഗസ്ഥര്‍ക്ക്.

 

 

 

Related Articles

Back to top button