KeralaLatest

ശിവഗിരിക്കുന്നില്‍ അവധൂതയാത്ര

“Manju”

വര്‍ക്കല : ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജീവിതമുദ്രകള്‍ പതിഞ്ഞ ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്ര വര്‍ക്കല ശിവഗിരിയിലെത്തി. പതിമൂന്നാം വയസ്സില്‍ ആത്മീയ അന്വേഷണത്തിനായി വീടു വിട്ടിറങ്ങിയ ഗുരു ആലുവ അദ്വൈതാശ്രമത്തിലെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ശിവഗിരിയില്‍ എത്തുന്നത്. ദീര്‍ഘനാള്‍ ശിവഗിരിയില്‍ സേവനം ചെയ്തു. പാചകക്കാരനായും ശാന്തിക്കാരനായും ശിവഗിരിയിലെ വിവിധ കര്‍മ്മമേഖലകളില്‍ ഗുരു വ്യാപൃതനായി. നീണ്ട പതിനേഴ് വര്‍ഷക്കാലം ശിവഗിരിയിലും ഉപാശ്രമങ്ങളിലും സേവനം ചെയ്ത ശേഷമാണ് ഗുരു പോത്തന്‍കോട് ആശ്രമം ആരംഭിക്കുന്നത്.

ഗുരുവിന്റെ ആത്മീയ യാത്ര വഴികളിലൂടെയുളള അവധൂതയാത്രയ്ക്ക് മെയ് ബുധനാഴ്ച തുടക്കമായിരുന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ നേതൃത്വത്തില്‍ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും ഗൃഹസ്ഥരുമടക്കം ഇരുന്നൂറ്റിയന്‍പതോളം പേര്‍ യാത്രാസംഘത്തിലുണ്ട്. വര്‍ക്കല ശിവഗിരിയിലെത്തിയ സംഘത്തെ ശ്രീനാരായണ ധര്‍മ്മ സംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ബൊക്കൈ നല്‍കി സ്വീകരിച്ചു. സമാധി മണ്ഡപത്തിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം എല്ലാവരും ശാരദാമഠത്തില്‍ ഒത്തുകൂടി . തുടര്‍ന്ന് നടന്ന സത്സംഗത്തില്‍ ശ്രീനാരയണ ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരുവിന്റെ മാനവികദര്‍ശനത്തെ ഹൃദയം കൊണ്ടേറ്റുവാങ്ങി അതു പ്രവര്‍ത്തിപഥത്തിലെത്തിച്ചുകൊണ്ട് സമൂഹത്തെ നന്മയുടെ നയിക്കുന്നതില്‍ വളറെയേറെ ശ്രദ്ധ ചെലുത്തിയ ജീവിതമായിരുന്നു ശ്രീകരുണാകരഗുരുവിന്റേത്. തൊണ്ണൂറുകളില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കാനും ഗുരുവിനെകാണാനും തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ശാന്തിഗിരിയുടെ മാതൃകാപരമായ പ്രവര്‍ത്തനമികവില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരിയുടെ സന്ന്യാസി സംഘത്തിലെ എല്ലാവരുമൊന്നിച്ച് ശിവഗിരിയില്‍ എത്തിച്ചേര്‍ന്നതിലുളള അതിയായ സന്തോഷവും സ്വാമി അറിയിച്ചു. കരുണാകരഗുരുവിന്റെ ജീവിതയാത്രയിലൂടെ ശിഷ്യന്‍ സഞ്ചരിക്കുമ്പോള്‍ അതു ഗുരുലാഭത്തിനുതകുന്ന യാത്രയാണെന്നും അതിലൂടെ ഗുരുത്വം ലഭിക്കുമെന്നും ട്രഷറര്‍ സ്വാമി ശാരദാനന്ദ പറഞ്ഞു. ശാന്തിഗിരിയെയും ശിവഗിരിയെയും ആത്മീയമായൊരു കാണാച്ചരട് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നുവെന്നും അഭേദ്യമായ ആ ബന്ധം എക്കാലവും തുടരുമെന്നും മറുപടി പ്രസംഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.

ഉച്ചഭക്ഷണത്തിന് ശേഷം യാത്രസംഘം വര്‍ക്കലയില്‍ ഗുരു സഞ്ചരിച്ച വിവിധ സ്ഥലങ്ങളിലൂടെ ബീമാപളളിയിലെത്തി. മെയ് 3 വെളളിയാഴ്ച പുലർച്ചെ കന്യാകുമാരിയിലേക്ക് തിരിക്കും. ഗുരുവിന്റെ അവധൂത കാലത്ത് കൊടിതൂക്കിമല, പത്മനാഭപുരം കൊട്ടാരം, കാട്ടുവാ സാഹിബ് മല, ശുചീന്ദ്രം, മരുത്വാമല എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും തക്കല കോടതി വളപ്പിൽ അന്തിയുറങ്ങുകയും ചെയ്തിരുന്നു. സത്സംഗങ്ങൾക്ക് വേദിയായ ഈ സ്ഥലങ്ങളിലെല്ലാം യാത്രാ സംഘം സന്ദർശിച്ച് പ്രാർത്ഥനയും സങ്കൽപ്പവും നടത്തും. വൈകുന്നേരത്തോടെ യാത്ര ത്രിവേണിസംഗമത്തിലെത്തും. 4ന് കേന്ദ്രാശ്രമമായ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി പ്രാര്‍ത്ഥനസമര്‍പ്പണത്തോടെ യാത്ര സമാപിക്കും. ഗുരുവിൻ്റെ ആദിസങ്കൽപ്പലയനദിനമായ നവഒലി ജ്യോതിർദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിഷ്യപരമ്പര അവധൂതയാത്ര സംഘടിപ്പിക്കുന്നത്. മെയ് 6നാണ് നവ‌ഒലി ജ്യോതിർദിനം.

 

Related Articles

Back to top button