KeralaLatest

സ്റ്റോണ്‍ഹെൻജില്‍ സ്‌പ്രേപെയിന്റ് അടിച്ചു; പരിസ്ഥിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

“Manju”

ലോകപ്രശസ്തമായ സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേപെയിന്റ് അടിച്ചു; പരിസ്ഥിതി  പ്രവര്‍ത്തകര്‍ അറസ്റ്റില്‍, climate activists, stonehenge, uk, travel,  world heritage sites

ബ്രിട്ടനിലെ ലോകപ്രശസ്ത നിർമിതിയായ സ്റ്റോണ്‍ഹെൻജില്‍ സ്പ്രേ പെയിന്റ് ചെയ്തതിന് രണ്ടുപേരെ പോലീസ് പിടികൂടി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയിലെ പ്രവർത്തകരാണ് പിടിയിലായത്. യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്റ്റോണ്‍ഹെൻജ് ഭൂമിയിലെ ഏറ്റവും ദുരൂഹമായ ഇടങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.

ബ്രിട്ടന്റെ അഭിമാനമായ സ്റ്റോണ്‍ഹെൻജിന് നേരെ നടന്ന ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ലേബർ പാർട്ടിയും അപലപിച്ചു. ഇത്തരം കിരാതമായ പ്രവർത്തികള്‍ക്കെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റോണ്‍ഹെൻജിന് സമീപത്തായി നടന്ന ഇംഗ്ലീഷ് ഹെറിറ്റേജിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്റ്റോണ്‍ഹെൻജിന് നാശമുണ്ടാക്കിയിട്ടില്ലെന്നും ഈ പെയിന്റ് മഴയില്‍ ഇല്ലാതാവുന്നതാണെന്നും സംഘടന പ്രതിനിധികള്‍ പ്രതികരിച്ചു.

പെട്രോളിയം, ഗ്യാസ് ഖനന ലൈസൻസ് നല്‍കുന്നതുമായി ബന്ധപ്പെട്ട ലേബർ പാർട്ടിയുടെ നിലപാടിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂർണമായി ഇല്ലാതാക്കണം എന്ന ആവശ്യമുയർത്തി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവർ.

യാത്ര സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാൻവാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ

സ്റ്റോണ്‍ഹെൻജ് ഭൂമിയിലെ ഏറ്റവും ദുരൂഹമായ ഇടം

ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന ഘടനകളിലൊന്നാണ് സ്റ്റോണ്‍ഹെൻജ്. കൂറ്റൻ കല്ലുകള്‍ പ്രത്യേകമായ ഒരു ഘടനയില്‍ വച്ചാണ് ഇതുണ്ടാക്കിയത്. ലണ്ടൻ നഗരത്തില്‍ നിന്ന് 140 കിലോമീറ്റർ അകലെയായി വില്‍റ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറി(Amesbury)യിലാണ് ഈ സ്മാരകം നിലനില്‍ക്കുന്നത്. ദുരൂഹത നിഴലിക്കുന്ന ഈ വിചിത്ര ഘടനയെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

വൃത്താകൃതിയില്‍ നാട്ടിനിർത്തിയിരിക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള വലിയ കല്ലുകളാണ് ഇവിടെയുള്ളത്. ഈ കല്ലുകള്‍ ഒരോന്നിനും ഏകദേശം 13 അടി (4 മീറ്റർ) ഉയരവും 7 അടി (2.1 മീറ്റർ) വീതിയും 25 ടണ്‍ ഭാരവും ഉണ്ട്. നവീനശിലായുഗത്തിലോ വെങ്കലയുഗത്തിലോ ആയിരിക്കും ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഉള്ളിലുള്ള കല്ലുകളില്‍ ഏറ്റവും വലുതായ കല്ല് എത്തിച്ചത് വടക്കൻ ഇംഗ്ലണ്ടില്‍നിന്നോ അല്ലെങ്കില്‍ സ്കോട്ലൻഡില്‍ നിന്നോ എത്തിച്ചതാകാമെന്നാണ് കരുതുന്നത്.

ബി.സി.. 3000നും ബി.സി..2000നും ഇടയിലായിരിക്കും ഇതിന്റെ നിർമിതി എന്ന് പുരാവസ്തുഗവേഷകർ കരുതുന്നു. റേഡിയോ കാർബണ്‍ പഴക്ക നിർണ്ണയ പ്രകാരം ഇവയില്‍ ചില കല്ലുകള്‍ ബി.സി.. 3000-ത്തില്‍ തന്നെ ഈ പ്രദേശത്തെത്തിയതായും 24000 നും ബി.സി.. 22000 ഇടയിലായി ഇവ നാട്ടിയതായും അനുമാനിക്കുന്നു. സ്റ്റോണ്‍ഹെൻജ് എന്താണെന്നും ഇത് എന്തിനാണ് ഉണ്ടാക്കിയതെന്നുമുള്ള കാര്യങ്ങളില്‍ ഇന്നും ഗവേഷകർക്ക് തീർച്ച വരുത്താനായിട്ടില്ല. ഇത് പഴയകാലത്തെ ഒരു ശവപ്പറമ്ബാണെന്ന് വാദിക്കുന്നവരുണ്ട്.

ബ്രിട്ടന്റെ സാംസ്കാരിക മുദ്രകളിലൊന്നായി ഗണിക്കപ്പെടുന്ന സ്റ്റോണ്‍ഹെൻജിനെ ഇംഗ്ലണ്ട് 1882 മുതല്‍ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു പോരുന്നു. 1986 മുതല്‍ യുനെസ്കോ സ്റ്റോണ്‍ഹെൻജും ചുറ്റുപാടും ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

Related Articles

Back to top button