കൊച്ചി: മലയാള സിനിമയില്‍ വില്ലനായിട്ടും നടനായിട്ടും തിളങ്ങിയ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരുതാരം അക്കാലത്ത് ഇല്ലായിരുന്നു. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ പ്രേക്ഷകര്‍ ആവേശം കൊള്ളുമായിരുന്നു. ഒമര്‍ ലുലു ചിത്രമായ പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി ഇപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ അദ്ദേഹം പങ്കുവച്ചൊരു ചിത്രവും കുറിപ്പുമാണ് ആരാധാകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘പണ്ട് ഇമെയിലും ഫേസ്ബുകും ഒന്നും ഇല്ലാത്ത കാലം. ഞാന്‍ ബാംഗളൂരില്‍ താമസിക്കുന്ന സമയം. ആയിരക്കണക്കിന് ഫാന്‍ മെയില്‍ പോസ്റ്റില്‍ വരുമായിരുന്നു. എല്ലാവരുടെയും ആവശ്യം കൈയൊപ്പിട്ട ഫോടോ ആയിരുന്നു. ഞാന്‍ അന്നയച്ചു കൊടിത്തുകൊണ്ടിരുന്ന ഒരു ഫോടോ ആണിത്. ഒരു കൗതുകം തോന്നിയത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു‘, എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
ബാബു ആന്റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍‘. ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്തിട്ടുള്ളത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാറും. കൊകെയ്ന്‍ വിപണിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവിടങ്ങളിലായാണ് ലൊക്കേഷന്‍. ഇതില്‍ നായികയും പാട്ടും ഇല്ല എന്ന പ്രത്യേകതയുമുണ്ട്.