ന്യൂഡല്‍ഹി : അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനില്‍ നിന്ന് അമേരിയ്ക്ക ഈ മാസം 31 ന് മുന്‍പ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ രാജ്യത്തെയ്ക്ക് കൊണ്ടു വരുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചത്.
വേഗത്തില്‍ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് എങ്കിലും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി എത്തിക്കണം എന്ന് പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിര്‍ദേശിച്ചു. വിദേശകാര്യമന്ത്രാലയം വിളിച്ച യോഗത്തില്‍ നാളെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കും. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്.
അതേസമയം അഫ്ഗാന് പൗരന്മാരുടെ കാര്യത്തില്‍ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കി.
ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാര് ഇ-വിസ സംവിധാനത്തിനായി അപേക്ഷിക്കണമെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവരെ വിസ ലഭ്യമാക്കിയിട്ടും വരാത്തവരടക്കമുള്ളവരുടെ വിസ മുന്‍കാലപ്രബല്യത്തോടെ റദ്ദാക്കിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.