ചെന്നൈ: ശസ്ത്രക്രിയയ്ക്ക് വിധേയനായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് താരത്തെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകള്‍ അടുത്തിടെ ലോഞ്ച് ചെയ്ത സോഷ്യല്‍ മീഡിയ ആപ്പിലൂടെ അദ്ദേഹം ആരാധകര്‍ക്ക് നന്ദി അറിയിച്ചു. ‘ചികിത്സ അവസാനിച്ചു, സുഖമായിരിക്കുന്നു. ഞാന്‍ ഇന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തി. എന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും, എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. നന്ദി’, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രജനികാന്തിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് താരത്തിന് രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന് ശസ്ത്രക്രിയ നടത്തിയത്.