ശ്രീജ.എസ്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ വന്‍ കാര്‍ സ്ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. ഒരു വന്‍ ആക്രമണം നടത്താന്‍ പര്യാപ്തമായ 20 കിലോയിലധികം സ്ഫോടക വസ്തു (ഐ.ഇ.ഡി) വഹിച്ചുള്ള കാര്‍ സുരക്ഷാസേന തടഞ്ഞു നിര്‍ത്തി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. ‘
കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സുരക്ഷഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ നിന്ന് 20 കിലോയിലധികം വരുന്ന ഐ.ഇ.ഡി കണ്ടെടുത്തതായി ഐ.ജി.വിജയ് കുമാര്‍ പറഞ്ഞു. ആക്രമണ സാധ്യതയുണ്ടെന്ന് തങ്ങള്‍ രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇന്നലെ മുതല്‍ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചില്‍ നടത്തിവന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. സൈന്യവും പോലീസും അര്‍ദ്ധസൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ആക്രമണം തടയാനായതെന്നും വിജയ് കുമാര്‍ അറിയിച്ചു.