ചലച്ചിത്ര മേഖലയില്‍ ഒന്നിക്കാന്‍ ധാരണയായി
റിയാദ്: ചലച്ചിത്ര മേഖലയില്‍ ഒന്നിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും ധാരണയായി. ഇന്ത്യന്‍ സാംസ്കാരിക സഹമന്ത്രി അര്ജുന് റാം മെഗ്വാളോയും സൗദി സാംസ്കാരിക മന്ത്രി അമീര്‍ ബദ്ര് ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാനും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്തോനീഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
ചലച്ചിത്ര നിര്‍മാണ മേഖലയില്‍ സൗദിയും ഇന്ത്യന്‍ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇരുവരും യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ചലച്ചിത്ര നിര്‍മാണം, ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രധാന ഇന്ത്യന്‍ കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.