വിരമിക്കല്‍ സൂചനയുമായി നെയ്മര്‍
ദോഹ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നല്കി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. ഇത് വേദനാജനകമായ നിമിഷമാണെന്നും രാജ്യത്തിനായി ഇനി കളിക്കുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റുപുറത്തായതിന് പിന്നാലെയാണ് നെയ്മര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ ദേശീയ ടീമിലേയ്ക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നില്ല, എന്നാല്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പ് നല്‍കുന്നില്ല. തനിക്കും ബ്രസീല്‍ ടീമിനും ഉചിതമായത് എന്ത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒരു വികാരമാണ്, കഴിഞ്ഞ ലോകകപ്പില്‍ സംഭവിച്ചതിനേക്കാള്‍ മോശമായ വികാരമാണിതെന്ന് ഞാന്‍ കരുതുന്നു. ഈ നിമിഷത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല‘, മത്സരശേഷം വികാരാധീനയായ അദ്ദേഹം പറഞ്ഞു.
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നെയ്മര്‍ ഗ്രൗണ്ട് വിട്ടത്. ഗോള്‍വേട്ടയില്‍ ഇതിഹാസതാരം പെലെയ്ക്കൊപ്പമെത്തിയ നെയ്മറുടെ അധികസമയത്തെ ത്രില്ലര്‍ ഗോളിനും ബ്രസീലിനെ രക്ഷിക്കാനിയിരുന്നില്ല. ക്രൊയേഷ്യ സമനില ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ ഷൂട്ടൗട്ടില്‍ 4-2 നാണ് ക്രൊയേഷ്യ ബ്രസീലിനെ കീഴടക്കിയത്. നിശ്ചിത സമയത്ത് ഗോള്‍ രഹിതമായ മത്സരം അധിക സമയത്ത് 1-1 എന്നനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.