Uncategorized

80 കോടി ചിലവില്‍ കരുണാനിധിയുടെ സ്മാരകം: എതിര്‍പ്പുമായി മല്‍സ്യത്തൊഴിലാളികള്‍

“Manju”

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മ്മക്കായി 80 കോടി ചെലവില്‍ ചെന്നൈ മറീനാ ബീച്ചില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനെതിരെ കനത്ത പ്രതിഷേധം. പദ്ധതിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും, ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് മറീനാ ബീച്ചില്‍ നടന്നത്.

കരുണാനിധിയുടെ പേന പ്രതിമ കടലില്‍ സ്ഥാപിച്ചാല്‍ ഇടിച്ചുകളയുമെന്നു നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രഖ്യാപിച്ചതോടെ തെളിവെടുപ്പ് സംഘര്‍ഷത്തിലേക്ക് വഴിമാറി. വേണമെങ്കില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നിങ്ങള്‍ പ്രതിമ സ്ഥാപിച്ചോളു, എന്നാല്‍ കടല്‍ക്കരയില്‍ സ്മാരകം വേണ്ടെന്ന് സീമാന്‍ പറഞ്ഞു. മറീനാ ബീച്ചില്‍ നിന്ന് 36 മീറ്റര്‍ കടലിലേക്ക് തള്ളിയാണു സ്മാരകം നിര്‍മ്മിക്കുന്നത്. കലൈഞ്ജറുടെ എഴുത്തിന്‍റെ മഹിമയുടെ പ്രതീകമായി 137 അടി ഉയരമുള്ള മാര്‍ബിളില്‍ തീര്‍ത്ത പേനയാണ് സ്മാരകത്തിന്റെ പ്രധാന ആകര്‍ഷണം.

സെപ്റ്റംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കു ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് മറീനയില്‍ തെളിവെടുപ്പ് നടത്തിയത്.

സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും പറഞ്ഞു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് ജനം തടഞ്ഞു. അതേസമയം, കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂര്‍ പ്രതിമയെ മറികടക്കുന്ന സ്മാരകങ്ങളൊന്നും തമിഴ്നാട്ടില്‍ വേണ്ടെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. പദ്ധതി പ്രദേശത്ത് അടുത്ത ദിവസം വീണ്ടും തെളിവെടുപ്പ് നടത്താനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം.

Related Articles

Check Also
Close
  • …….
Back to top button