ശ്രീജ.എസ്
മുംബൈ: വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട് ജി.വി.കെ ഗ്രൂപ്പ് ചെയര്മാന് ജി. വെങ്കട കൃഷ്ണ റെഡ്ഡിക്കും മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എംഡി ജി.വി സഢ്ജയ് റെഡ്ഡിക്കും എതിരെ സിബിഐ കേസെടുത്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും മറ്റ് ഒമ്പത് സ്വകാര്യ കമ്പനികളുടെ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. 2012 മുതല്‍ 2018 വരെ 805 കോടി രൂപ അനധികൃതമായി സ്വന്തമാക്കി പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.
വിമാനത്താവളത്തിന്റെ നവീകരണത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും ജിവികെ എയര്‍പോര്‍ട്ട്സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡും സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരുന്നു.
2006 ലാണ് ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അധികൃതരുമായി കരാറില്‍ ഒപ്പുവെച്ചത്. പൊതു സ്വകാര്യ പങ്കാളിത്ത സ്ഥാപനമായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് കീഴിലായിരുന്നു പദ്ധതി. ജിവികെ അധികൃതര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി കാണിച്ചുവെന്നാണ് ഇരുവര്‍ക്കും എതിരെയുള്ള ആരോപണം.
വ്യക്തിപരവും കുടുംബപരവുമായ ചെലവുകള്‍ ഇതിലൂടെ നടപ്പാക്കിയെന്നും കേസില്‍ സിബിഐ ആരോപിച്ചു.