KeralaLatest

എന്ന് പറഞ്ഞത് പോലായി കാര്യങ്ങൾ

“Manju”

ഹർഷദ് ലാൽ, കണ്ണൂർ

കണ്ണൂർ :കോവിഡ് -19 രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് രാജ്യത്തിന് പെട്ടന്നൊന്നും കരകയറാൻ കഴിയില്ല. ഇപ്പോഴത്തെ ലോക്ക് ഡൗൺ എന്ന് പിൻവലിച്ചാലും ഓട്ടോ-ടാക്സികളുടെ ഉപഭോക്താക്കളായ സാധാരണ ജനത്തിൻ്റെ കൈകളിൽ പണം എത്തണമെങ്കിൽ മാസങ്ങൾ കഴിയും. സാമ്പത്തിക മാന്ദ്യം ആരംഭിച്ച് ഓട്ടമില്ലാതിരിക്കുന്ന ഘട്ടത്തിലാണ് കൊറോണ വന്നത്. ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന് പറഞ്ഞതുപോലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഇനി ലോക്ക് ഡൗൺ പിൻവലിക്കാൻ കാത്തിരിക്കുകയാണ്. പിൻവലിച്ചാലും പണിയുണ്ടാവില്ലായെന്ന് അറിയാമെങ്കിലും ഒരു പ്രതീക്ഷ……

ലോക്ക് ഡൗൺ കഴിഞ്ഞാൽ അരിയും കിറ്റും തുടങ്ങിയ സർക്കാർ സൗജന്യങ്ങൾ നിലയ്ക്കും. ക്ഷേമനിധിയിൽ നിന്ന് തരാമെന്ന് പറഞ്ഞ താൽക്കാലിക ആശ്വാസം ഒരു ദിവസത്തെക്ക് തികയില്ല. സാധാരണക്കാരൻ്റെ കൈകളിൽ പണമില്ലാത്തത് കൊണ്ട് ഓട്ടവും കിട്ടില്ല. മാസ ശമ്പളം വാങ്ങിക്കുന്ന സ്ഥിരവരുമാനമുള്ള സംഘടിത തൊഴിലാളികൾക്ക് സ്വന്തമായി വണ്ടികൾ ഉള്ളത് കൊണ്ട് കൊറോണ പിടിപെടാതിരിക്കാൻ അവർ പൊതുവാഹനങ്ങൾ ഉപയോഗിക്കില്ല. പൊതുവാഹനങ്ങൾ ഉപയോഗിക്കണമെങ്കിൽ സാധാരണക്കാരൻ്റെ കൈകളിൽ പണം വേണം.

ടാക്സ് അടയ്ക്കണം, ഇൻഷൂറൻസ് അടയ്ക്കണം, ക്ഷേമനിധി വേണം, ഇവയോടൊപ്പം പ്രതിമാസ വായ്പാ തിരിച്ചടവും വേണം. തന്നെ ആശ്രയിച്ചിരിക്കുന്ന നാലോ അഞ്ചോ ആൾക്കാരുടെ വയറുകൾ സംരക്ഷിക്കണം. സ്ക്കൂൾ തുറക്കാറായി. കുട്ടികൾക്ക് യൂനിഫോമും പുസ്തകങ്ങളും കുടയും ബേഗും വേണം. ഫീസും വണ്ടി കൂലിയും വേണം. അങ്ങനെ ഒരു വലിയ തുക അതും വേണം. ഓടി കിട്ടുന്ന തുച്ഛമായ പണം കൊണ്ട് എന്തെല്ലാം നിർവ്വഹിക്കും ? ഏതിന് മുൻഗണന നൽകും ? ടാക്സും ഇൻഷൂറൻസുമില്ലാതെ വണ്ടി റോഡിലിറക്കാൻ കഴിയില്ല. വണ്ടി റോഡിലിറക്കാതെ ഓട്ടം കിട്ടില്ല. ഓടി കിട്ടുന്ന പണമെടുത്ത് ഫൈനാൻസുകാരൻ്റെ മാസതവണ അടച്ചാൽ വീട്ടിൽ പട്ടിണി. അത് എടുത്ത് വീട്ടിലെ ചിലവ് നടത്തിയാലോ ഫൈനാൻസുകാരൻ വണ്ടി പിടിച്ച് കൊണ്ടു പോകും. ഫൈനാൻസുകാരൻ്റെ തവണ അടച്ചാൽ ടാക്സും ഇൻഷൂറൻസും അടയ്ക്കാൻ പണം ഉണ്ടാവില്ല. ആകെ ധർമ്മസങ്കടത്തിലായി……..
ഏത് ഒഴിവാക്കും ?
വീട്ടിലെ ചിലവ്……?
ഫൈനാൻസ് …….?
ടാക്സും, ഇൻഷൂറൻസും……..?
ഒന്ന് ഒന്നിന് അനുബന്ധമായതിനാൽ ഒന്നും ഒഴിവാക്കാൻ കഴിയില്ല. ആര് വിചാരിച്ചാലും വീട്ടിലെ ചിലവ് ഒഴിവാക്കാൻ കഴിയില്ല.
സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ടാക്സിലും ഇൻഷുറൻസിലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട. പിന്നെ ഫൈനാൻസ്, അത് ഒരു വർഷത്തേക്ക് മരവിപ്പിക്കാൻ സർക്കാറുകൾ വിചാരിച്ചാൽ സാധിക്കും. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള 12 മാസ തവണകൾക്ക് റീ പെയ്മെൻ്റ് ഹോളിഡേ പ്രഖ്യാപിച്ച് വായ്പയുടെ കാലാവധി ഒരു വർഷം നീട്ടിയാൽ ധനകാര്യ സ്ഥാപനത്തിന് നഷ്ടങ്ങൾ വരാനില്ല. ഈ കാലപരിധിയിൽ സാമ്പത്തിക മേഖല പച്ച പിടിക്കുകയും ജനങ്ങളുടെ ക്രയശേഷി വർദ്ധിക്കുകയും ചെയ്താൽ വായ്പ കൃത്യമായും തിരിച്ചടച്ച് തുടങ്ങാം. ഇല്ലായെങ്കിൽ ആർക്കും വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ല. ഫലം വണ്ടികൾ ഫൈനാൻസുകാരൻ്റെ കൈകളിൽ എത്തും. അതോടെ വരുമാന മാർഗ്ഗവും അടയും. പിന്നെ ഏക പോംവഴി ഒരു ചാൺ കയറിൽ ജീവിതം അവസാനിപ്പിക്കൽ മാത്രമായിരിക്കും. ദിവസം 4 ലിറ്റർ ഇന്ധനം അടിച്ച് ഓടുന്ന ഒരു ഓട്ടോ തൊഴിലാളി ഒരു വർഷം ഇപ്പോൾ 81730 രൂപയാണ് സർക്കാറിന് നൽകുന്നത്. മദ്യവും ലോട്ടറിയും കഴിഞ്ഞാൽ സർക്കാറിൻ്റെ കറവ പശുവാണ് ഗതാഗത മേഖല. അതായത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചോറിനുള്ള അരിയാണ് മദ്യവും ലോട്ടറിയുമെങ്കിൽ ചോറിനോടൊപ്പമുള്ള കറിയാണ് ഗതാഗത മേഖല. ഒരു ഓട്ടോ ഒരു ദിവസം ഓടാൻ കഴിയുന്നില്ലെങ്കിൽ സർക്കാറിന് നഷ്ടം 224 രൂപയാണ്. മറ്റ് പൊതു വാഹനങ്ങളുടെ കാര്യത്തിലാണെങ്കിൽ ആനുപാതിക വർദ്ധനവിലുള്ള നഷ്ടം അത് വേറെയും. സർക്കാറിന് ഉണ്ടാകുന്ന നഷ്ടത്തിന് പുറമെ പൊതുജനത്തിനുണ്ടാവുന്ന നഷ്ടവും വിലക്കയറ്റവും സമൂഹത്തിൽ സൃഷ്ടിക്കുന്ന നഷ്ടം കണക്കാക്കാൻ കഴിയില്ല. അതുകൊണ്ട് പൊതുഗതാഗത രംഗത്ത് നിലനിൽക്കുന്ന ഓട്ടോ-ടാക്സി മേഖലയെ സംരക്ഷിക്കേണ്ടത് സർക്കാറിൻ്റെ കടമയാണ്. വാഹന വായ്പകൾ എഴുതി തള്ളണമെന്ന് ആരും പറയില്ല. പക്ഷേ തിരിച്ചടയ്ക്കാനുള്ള സാവകാശം അവന് അർഹതപ്പെട്ടതല്ലേ ? കൊറോണ വൈറസ് ഉണ്ടാക്കിയതിലും അത് സമൂഹത്തിൽ സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും അവനല്ലല്ലോ ഉത്തരവാദി. അതു കൊണ്ട് തന്നെ അവനെ സംരക്ഷിക്കാനുള്ള കടമ സർക്കാറുകൾക്കില്ലെ ? തീർച്ചയായും അവരെ സംരക്ഷിച്ചേ മതിയാവൂ.

Related Articles

Leave a Reply

Back to top button