KeralaUncategorized

കൊറോണ കാലത്തെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങള്‍ പുസ്‌തക രൂപത്തിലാക്കി

“Manju”

ബിനു കുമാർ .സി. ആർ

 

രാമക്കൽമേട്: ലോകവും, രാജ്യവും, സംസ്ഥാനവും എല്ലാം ഇപ്പോൾ ഒരേയൊരു പ്രതിസന്ധിയിലാണ്. മഹാമാരിയായ കോവിഡ് പ്രതിസന്ധിയിൽ. എല്ലായിടത്തും ലോക്ക് ഡൗൺ. ഓരോരുത്തരും ഓരോ രീതിയിലാണ് ലോക്ക് ഡൗൺ കാലഘട്ടം ക്രിയാത്മകമായി വിനിയോഗിക്കുന്നത്. ഇടുക്കി ജില്ലയിൽ കൊറോണ കാലത്തെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങള്‍ പുസ്‌തക രൂപത്തിലാക്കുകയാണ്‌ നെടുങ്കണ്ടം രാമക്കൽമേട് കോമ്പമുക്ക്‌ സ്വദേശിനിയായ അധ്യാപിക ഷെറിന്‍ ചാക്കോ പീടികയിൽ.

ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന നൊമ്പരങ്ങളുടെ വൈതരണിയാണ് കൊറോണ കാലഘട്ടം. ഇനി നമ്മൾ ലോകത്തെ വിഭജിക്കുന്നത് ‘കൊറോണയ്ക്ക് മുമ്പും, കൊറോണയ്ക്ക് ശേഷവും’ എന്നിങ്ങനെയായിരിക്കും. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ചൈനയിൽ തുടങ്ങിയ വിപത്തിനെക്കുറിച്ച് ഷെറിന് പറയാൻ ഏറെയുണ്ട്. കൊറോണ കാലം നാളെ അവസാനിക്കും പക്ഷെ ഒരിക്കലും മറക്കില്ല ഈ അതിജീവന കഥ എന്ന് ഷെറിൻ തന്റെ തൂലികയിലൂടെ കുറിച്ചിടുന്നു.

ഷെറിന്‍ ജോലി ചെയ്യുന്ന പത്തനംതിട്ട റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളിന്‌ സമീപത്തായിരുന്നു കേരളത്തില്‍ രണ്ടാം ഘട്ടം കൊറോണ സ്‌ഥിരീകരിച്ച ഇറ്റലി കുടുംബത്തിന്റെ വീട്‌. അതിനാല്‍ ഇവരെ ഐസൊലേഷനിലേക്ക്‌ മാറ്റിയപ്പോള്‍ തന്നെ സ്‌കൂളിന്‌ അവധി നല്‍കുകയും അധ്യാപകരടക്കമുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്‌തു. ഷെറിനും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലെത്തി ദിവസങ്ങളോളം നിരീക്ഷണത്തിലായി.

തന്റെ പുസ്‌തക രചനയ്‌ക്കൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന നിരവധിയാളുകളുമായി ഫോണിലും, ഓൺലൈനിലും ബന്ധപ്പെടുന്നതിനും ഷെറിൻ ലോക്ക് ഡൗൺ സമയം നീക്കിവച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കൊറോണയെ അതിജീവിച്ചവര്‍, ചികില്‍സ തേടുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍ തുടങ്ങിയവരുടെയെല്ലാം അനുഭവങ്ങളില്‍ നിന്നുള്ള പ്രചോദനമാണ്‌ പുസ്‌തകമെഴുതുന്നതിലേക്ക്‌ നയിച്ചതെന്ന്‌ ഷെറിന്‍ പറയുന്നു.

“കൊറോണയിൽ നിന്ന് അതിജീവനത്തിലേക്ക് ജീവൻ പണയം വെച്ച് എനിക്ക് വേണ്ടി, നമുക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഈ ശുശ്രുഷകരോടുള്ള എന്റെ ആദരവാണ് ഈ പുസ്തകം. അവർക്കു ഇത് സമർപ്പിക്കുന്നു.

എഴുത്താണ് തന്റെ ലോകമെന്ന് സ്‌കൂൾ പഠന കാലഘട്ടത്തിൽ തന്നെ മനസ്സിലാക്കിയ ഷെറിന്റെ അഞ്ചാമത്തെ പുസ്‌തകമാണ്‌ ‘കൊറോണയില്‍ നിന്നും അതിജീവനത്തിലേക്ക്‌’. കൊറോണ കാലത്തെ നാലു വ്യത്യസ്‌ത മാനുഷികാവസ്‌ഥകളാണ്‌ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നത്‌.

ആശുപത്രിവാസ അനുഭവങ്ങള്‍, രോഗികളുമായി ഇടപഴകുമ്പോളുള്ള മാനസികാവസ്‌ഥ, രോഗികളുടെ മാനസികാവസ്‌ഥ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെ മാനസികാവസ്‌ഥ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശേഷം തിരികെ തങ്ങളുടെ കുടുംബങ്ങളിലെത്തുമ്പോഴുള്ള അവസ്‌ഥ ഇവയെല്ലാം തന്റെ പേനയിലൂടെ നാളെ മുതൽ ലോകം വായിക്കും. ലോക്ക്‌ ഡൗണ്‍ ഒരു പക്ഷേ തുടർന്നേക്കാം. എന്നാലും ആദ്യ ലോക്ക് ഡൗൺ അവസാനിക്കുന്ന നാളെയാണ് “കൊറോണയിൽ നിന്നും അതിജീവനത്തിലേക്ക്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്

Related Articles

Leave a Reply

Back to top button