മരണം നെഞ്ചുവേദനയുടെ ചികിത്സയ്ക്കിടെ; പരിശോധനയില്‍ കൊവിഡ് പോസ്റ്റീവും; കൊവിഡ് രോഗികളുമായി സമ്ബര്‍ക്കമില്ലാത്ത പാലക്കാട് സ്വദേശിയുടെ മരണത്തില്‍ അവ്യക്തത:

അശോകൻ ,പാലക്കാട്
പാലക്കാട്: പാലക്കാട് നൂറണി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം കോയമ്ബത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് എഴുപതുവയസുളള രാജശേഖര്‍ ചെട്ടിയാര്‍ മരിച്ചത്.
വലിയങ്ങാടിയില്‍ ഹാര്‍ഡ്‌വെയര്‍ സ്ഥാപനം നടത്തി വരികയായിരുന്ന രാജശേഖര്‍ ചെട്ടിയാര്‍ വയറുവേദനയും ഛര്‍ദ്ദിയുമായി മാര്‍ച്ച് 25 ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ സഞ്ചാരപാത ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ പത്തിനാണ് ഇദ്ദേഹം മരിച്ചത്. മാര്‍ച്ച് പതിനെട്ടാം തീയതി വരെ കടയിലെത്തിയിരുന്ന ഇദ്ദേഹം 25ന് വയറുവേദനയും ഛര്‍ദിയുമായി മകനോടൊപ്പം കാറില്‍ എത്തി പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലില്‍ ചികിത്സ തേടി.
മാര്‍ച്ച് 26ന് വീട്ടില്‍ വിശ്രമം. മാര്‍ച്ച് 27ന് വീണ്ടും പാലക്കാട് ഡയബറ്റിക് സെന്ററില്‍ ചികിത്സ തേടി.
ഏപ്രില്‍ ഒന്നിന് കണ്ണുകള്‍ക്ക് വേദനയും അസ്വസ്ഥതയുമുണ്ടായി. അടുത്തദിവസം കോയമ്ബത്തൂരിലെ ഗ്യാസ്‌ട്രോ കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അഞ്ചിന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാക്കി. ഏപ്രില്‍ എട്ടിന് പനിയെ തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും പിന്നീട് കോയമ്ബത്തൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഒമ്ബതാം തീയതി ലഭിച്ച പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് 10ന് വീണ്ടും സ്രവം പരിശോധനയ്ക്കായി അയച്ചു. അന്നുച്ചയ്ക്കായിരുന്നു മരണം. രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവ് ആണെങ്കിലും രോഗം എങ്ങനെ ബാധിച്ചു എന്നത് തെളിയിക്കാനായിട്ടില്ല. നേരത്തെ കടയില്‍ എത്തിയവരില്‍ നിന്ന് ലഭിച്ചതാകാനുളള സാധ്യത തളളിക്കളയാനാവില്ല. കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെ സംഭവിക്കാത്തതിനാല്‍ അത്തരത്തിലുള്ള ആശങ്കകള്‍ വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പ്രതികരിക്കുന്നത്.