കോവിഡ് ബാധിച്ചവരെ ഇനി പറത്തിക്കൊണ്ട് വരും

ഹരികൃഷ്ണൻ.ജി
കൊച്ചി : കോവിഡ്- 19 രോഗികളെ ആകാശമാർഗം കൊണ്ടുവരുന്നതിനു സഹായിക്കുന്ന എയർ ഇവാക്വേഷൻ പോഡ് ദക്ഷിണ നാവിക കമാൻഡിലെ നേവൽ എയർക്രാഫ്റ്റ് യാർഡ് ചെലവുകുറഞ്ഞ രീതിയിൽ വികസിപ്പിച്ചെടുത്തു. ദ്വീപുകളിൽ നിന്നും കപ്പലിൽ നിന്നും കോവിഡ് രോഗികളെ മറ്റുള്ളവർക്ക് രോഗം പകരാതെ സുരക്ഷിതരായി ആകാശമാർഗം കരയിൽ എത്തിക്കാൻ സഹായിക്കുന്ന മാർഗമാണിത്. ഐഎൻഎസ് ഗരുഡയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.
അലൂമിനിയം കൊണ്ട് നിർമ്മിച്ച 32 കിലോഗ്രാം തൂക്കമുള്ള പോഡിന് അരലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇറക്കുമതിചെയ്യുന്ന സമാന സംവിധാനത്തിന് 59 ലക്ഷത്തോളം രൂപ വരും എന്ന് ഡിഫൻസ് പിആർഒ കമാൻഡർ ശ്രീധർ വൈദ്യർ പറഞ്ഞു. ഹെലികോപ്റ്ററുകളിലും ഡോണിയർ വിമാനങ്ങളിലും സംവിധാനം വിജയകരമായി പരീക്ഷിച്ചു. നാവികസേനയുടെ മറ്റു കമാൻഡുകളിലേക്ക് 12 പോർഡുകൾ നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.