Kerala

ജീവന്‍രക്ഷാമരുന്ന് ആവശ്യപ്പെട്ടത് 1,024 പേര്‍*

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം ;കോവിഡ് 19 നെ തുരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അരയും തലയും മുറുക്കി സേവന രംഗത്ത് നില്‍ക്കുമ്പോള്‍ അതിന് സംസ്ഥാന പോലീസ് സേന നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സഹായം തേടി നിരവധി ഫോണ്‍ സന്ദേശങ്ങളാണ് പോലീസിന്‍റെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമില്‍ എത്തുന്നത്. ഇങ്ങനെ വിളിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയെന്ന ചുമതല നിര്‍വ്വഹിക്കുന്നത് തിരുവനന്തപുരത്തെ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം എന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനമാണ്.

112 എന്ന നമ്പരില്‍ സംസ്ഥാനത്ത് എവിടെ നിന്ന് വിളിച്ചാലും ആ കാള്‍ സ്വീകരിക്കുന്നത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ കണ്‍ട്രോള്‍ റൂമിലാണ്. നേരത്തെ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കണ്‍ട്രോള്‍ റൂം സംവിധാനമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് സംസ്ഥാനമൊട്ടാകെ അധികാരപരിധിയോടെ പ്രവര്‍ത്തിക്കുന്നത്. 112 ല്‍ ലഭിക്കുന്ന കോള്‍ ആവശ്യം മനസ്സിലാക്കിയശേഷം വിളിക്കുന്നയാളുടെ ഏറ്റവുമടുത്തുളള കണ്‍ട്രോള്‍ റൂം വാഹനത്തിലേയ്ക്കോ പോലീസ് സ്റ്റേഷന്‍ വാഹനത്തിലേയ്ക്കോ കൈമാറുകയാണ് ചെയ്യുന്നത്. വിളിക്കുന്നത് എയര്‍ടെല്‍ ഉപഭോക്താവ് ആണെങ്കില്‍ അദ്ദേഹത്തിന്‍റെ കൃത്യമായ ലോക്കേഷന്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇത് പോലീസിന് കൃത്യമായി സ്ഥലത്ത് എത്തിച്ചേരാന്‍ സഹായകമാണ്. മറ്റ് സേവനദാതാക്കളും അധികം വൈകാതെതന്നെ ഈ സൗകര്യം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഒരേസമയം 40 പേര്‍ക്ക് ജോലി ചെയ്യാവുന്ന കോള്‍ സെന്‍ററാണ് കണ്‍ട്രോള്‍ റൂമിന്‍റെ ഹൃദയം. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുമണിവരെയും രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയും രണ്ട് ഷിഫ്റ്റുകള്‍ ആയാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം. പരിശീലനം സിദ്ധിച്ച സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുമാണ് കണ്‍ട്രോള്‍ റൂമില്‍ കാള്‍ സ്വീകരിക്കുന്നത്. ഇവരെ നിയന്ത്രിക്കാനായി ഒന്‍പത് സബ്ബ് ഇന്‍സ്പെക്ടര്‍മാരും ഒരു പോലീസ് ഇന്‍സ്പെക്ടറും സദാ ജാഗരൂകരാണ്. ലഭിക്കുന്ന കാളുകള്‍ കണ്‍ട്രോള്‍ റൂം വാഹനത്തിലേയ്ക്ക് കൈമാറുക മാത്രമല്ല, വിളിച്ചയാളെ പിന്നീട് തിരിച്ചുവിളിച്ച് അദ്ദേഹത്തിന്‍റെ ആവലാതി പരിഹരിച്ചു എന്ന് ഉറപ്പാക്കുന്നതും കണ്‍ട്രോള്‍ റൂമിന്‍റെ ചുമതലയാണ്.

 

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം കണ്‍ട്രോള്‍ റൂമിന്‍റെ വിവിധ ദൃശ്യങ്ങള്‍.

 

 

ഒരു സന്ദേശം ലഭിച്ചാല്‍ പോലീസ് സഹായം ലഭ്യമാക്കാനായി ഇപ്പോള്‍ 10 മുതല്‍ 15 വരെ മിനിട്ട് ആണ് വേണ്ടിവരുന്നത്. ഇത് ആറ് മിനിട്ട് ആക്കാനാണ് സംസ്ഥാന പോലീസ് ലക്ഷ്യമിടുന്നത്.

108 എന്ന പേരിലറിയപ്പെടുന്ന ആംബുലന്‍സ് സംവിധാനം ലഭിക്കാനും ഇപ്പോള്‍ 112 ല്‍ വിളിച്ചാല്‍ മതി. ഇത്തരം കോളുകള്‍ കൈകാര്യം ചെയ്യാന്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 108 കാള്‍ സെന്‍ററില്‍ പ്രത്യേകം ഡെസ്ക് ഒരുക്കിയിട്ടുണ്ട്.

ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 15 ന് രാവിലെ എട്ടുമണിവരെ സഹായമഭ്യര്‍ത്ഥിച്ച് 14,084 സന്ദേശങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച ഈ കോളുകളിന്‍മേല്‍ കൃത്യമായ നടപടി സ്വീകരിക്കാനും ആശ്വാസമെത്തിക്കാനും കണ്‍ട്രോള്‍ റൂമിന് കഴിഞ്ഞു. കൂടാതെ, ലോക്ഡൗണുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കാനായി 41,149 ഫോണ്‍ കാളുകളും ലഭിക്കുകയുണ്ടായി.

ആശുപത്രികളില്‍ നിന്ന് നല്‍കുന്നതോ ബന്ധുക്കള്‍ ശേഖരിച്ചതോ ആയ ജീവന്‍ രക്ഷാമരുന്നുകള്‍ കേരളത്തിലെവിടെയും സൗജന്യമായി എത്തിച്ചുനല്‍കുന്ന സംവിധാനം കേരള പോലീസ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ബന്ധുക്കളോ മറ്റോ വാങ്ങിയതും ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നതുമായമരുന്നുകള്‍ കൃത്യമായ വിലാസമെഴുതി പായ്ക്ക് ചെയ്തശേഷം 112 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ കേരളത്തിലെവിടെയും സൗജന്യമായി എത്തിച്ചുകൊടുക്കും. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അലെര്‍ട്ട് സെല്ലിന്‍റെ സഹായത്തോടെയാണ് ഈ പ്രവര്‍ത്തനം. ജീവന്‍രക്ഷാമരുന്ന് എത്തിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 15 വരെ 1,024 സന്ദേശങ്ങളാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം ആരംഭിച്ചത്. എ ഡി ജി പി മനോജ് എബ്രഹാമാണ് നോഡല്‍ ഓഫീസര്‍. 112 ഇന്ത്യ എന്ന് മൊബൈല്‍ ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം അതിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കണ്‍ട്രോള്‍ റൂമിന്‍റെ സേവനം ലഭിക്കും

 

 

 

Related Articles

Leave a Reply

Back to top button