
ഹരീഷ് റാം
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് യാത്രാവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് അത്യാവശ്യക്കാര്‍ക്ക് വരാന്‍ സര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍. ചികിത്സക്കായി വരുന്നവര്‍, ഗര്‍ഭിണികള്‍, മരണാനന്തര ചടങ്ങുകള്‍ക്കായി വരുന്നവര്‍ എന്നിവര്‍ക്ക് മാര്‍ഗനിര്‍ദേശ പ്രകാരം അതിര്‍ത്തി കടന്നെത്താം.
എന്ത് ആവശ്യത്തിനാണ് കേരളത്തിലേക്ക് വരുന്നതെന്ന കാര്യം എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടറെ അറിയിക്കണം. ജില്ല ഭരണകൂടമാണ് അപേക്ഷ പരിഗണിച്ച് അനുമതി നല്‍കുക. വാട്സാപ്പിലൂടെയോ ഇ-മെയില്‍ വഴിയോ കലക്ടര്‍ക്ക് അപേക്ഷ നല്‍കാം. പുറപ്പെടുന്ന സംസ്ഥാനത്തെ ജില്ല അധികൃതരുടെ യാത്രാ അനുമതിയും വേണം.
ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മാത്രമാണ് യാത്രക്ക് അനുമതി.
ഗര്‍ഭിണികള്‍ പ്രസവ തീയതി, ആരോഗ്യനില എന്നിവ വ്യക്തമാക്കുന്ന രജിസ്റ്റേര്‍ഡ് ഗൈനക്കോളജിസ്റ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഗര്‍ഭിണിയോടൊപ്പം കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കും.
ചികിത്സക്കായി വരുന്നവര്‍ ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടുത്തെ കലക്ടറില്‍നിന്ന് അനുമതി വാങ്ങണം. തുടര്‍ന്ന്, പുറപ്പെടുന്ന ജില്ലയില്‍നിന്ന് വാഹന പാസ് വാങ്ങണം. രണ്ട് അനുമതി രേഖകളും യാത്രയിലുടനീളം കരുതണം.
മരണവുമായോ മരണാനന്തര ചടങ്ങുമായോ ബന്ധപ്പെട്ടാണ് യാത്രയെങ്കില്‍ മരിച്ചയാളിനെ സംബന്ധിക്കുന്ന സത്യവാങ്മൂലം അതിര്‍ത്തിയില്‍ നല്‍കണം.
അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പാസ് പരിശോധിച്ചാണ് കേരളത്തിലേക്ക് കടത്തിവിടുക. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കും. അല്ലാത്തവര്‍ വീടുകളില്‍ സമ്ബര്‍ക്കവിലക്കില്‍ കഴിയണം.