
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന 180 പാകിസ്താന്‍ പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു.. 41 പേരെ വ്യാഴാഴ്ച വാഗാ-അട്ടാരി അതിര്‍ത്തി കടത്തി പാക്‌സിതാനിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികള്‍ ഉള്ളത്. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം അഡീ. സെക്രട്ടറി ദാമ്മു രവി വിവിധ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവരെ ഏപ്രില്‍ 16ന് രാവിലെ 10 മണിക്ക് വാഗാ അതിര്‍ത്തിയിലൂടെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായും യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മടങ്ങിപ്പോവുന്ന എല്ലാവരേയും ഇന്ത്യന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം വിദ്യാര്‍ഥികളടക്കം 200ഓളം ഇന്ത്യക്കാര്‍ പാകിസ്താനില്‍ കുടുങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ പാകിസ്താനില്‍ തുടരാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന
നിര്‍ദേശം..