ധാരാവിയിൽ അതീവജാഗ്രത

സിന്ധുമോൾ
മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ മൂവായിരം കടന്നു. മുംബൈയിൽ മാത്രം രോഗബാധിതർ രണ്ടായിരം പിന്നിട്ടു. ഇവിടെ 21 പേർക്കു മാത്രമാണു ഇന്നലെ രോഗമുക്തി നേടാനായത്. ഇതുവരെ വലിയതോതിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്നലെ ഒറ്റദിവസം മാത്രം 26 പേർക്കു കോവിഡ് ബാധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ഇവിടെ രോഗബാധിതരുടെ എണ്ണം 86 ലേക്ക് ഉയർന്നിരിക്കുകയാണ്. ഇന്നലെ ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ, ധാരാവിയിൽ കോവിഡ് മരണം ഒൻപതായി. മഹാരാഷ്ട്രയിൽ ഇതുവരെ 23 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.
പാൽഘർ ജില്ലയിൽ ലോക്ഡൗണിനെത്തുടർന്നു വേണ്ടത്ര തീറ്റ ലഭിക്കാതെ 5 കുതിരകൾ ചത്തു. തീറ്റ ക്ഷാമത്തെക്കുറിച്ചു കുതിരകളുടെ ഉടമകളാണു പറഞ്ഞത്. അതേസമയം, കോവിഡ് പടരുന്ന വേളയിൽ മരണകാരണം വിശദമായി പഠിക്കുമെന്നു പൊലീസ് അറിയിച്ചു. വെറ്റിറനറി ഡോക്ടർമാരുടെ സംഘം പരിശോധന ആരംഭിച്ചു. ലോക്ഡൗൺ നീട്ടിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ കാലാവധി ജൂൺ 15 വരെ നീട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 245 കോടി കടന്നു. മുംബൈ പ്രസ്‌ക്ലബിൽ മാധ്യമപ്രവർത്തകർക്കായി പ്രത്യേക കോവിഡ് സ്ക്രീനിങ് ക്യാമ്പ് നടത്തി.
മുംബൈയിൽ കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 140 ആയി ഉയർന്നു. ദക്ഷിണ മുംബൈയിലെ ബോംബെ ആശുപത്രിയിൽ 3 ഡോക്ടർമാർക്കു കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. രാജ്യത്തു മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന ഏറ്റവും കൂടുതൽ പേർക്കു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുംബൈയിലാണ്. 72 മലയാളി നഴ്സുമാർക്കാണു മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.