
സ്വന്തം ലേഖകൻ
മുംബൈ: രണ്ടായിരത്തിനടുത്ത് കോവിഡ് 19 കേസുകൾ രേഖപ്പെടുത്തിയതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ മുംബൈയിൽ ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് മഹാരാഷ്ട്ര സർക്കാർ. ആളുകൾ തിങ്ങിപ്പാർക്കുന്നചേരികളിൽ നിന്നുള്ള തത്സമയ ഡ്രോൺ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഈ ദൃശ്യങ്ങൾ നോക്കി ആവശ്യമെങ്കിൽ പോലീസിന്റെ സഹായത്തോടെ മുംബൈയിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും.
12 ദശലക്ഷം ആളുകളാണ് മുംബൈയിൽ താമസിക്കുന്നത്. അവരിൽ 65% പേരും ചേരിനിവാസികളാണ്. 113മരണങ്ങൾ ഉൾപ്പടെ നഗരത്തിൽ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം 1900-ത്തിന് മുകളിലാണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ 15%. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. പത്തു ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിനകം 71 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. പത്തു ലക്ഷം പേർക്ക് 2374 ടെസ്റ്റുകൾ എന്ന തോതിലാണ് ചേരിയിൽ പരിശോധന നടത്തിയിരിക്കുന്നത്.
മുംബൈയിൽ 82% രോഗികളുടെയും നില തൃപ്തികരമാണ്. 2% പേർക്കുമാത്രമാണ് തീവ്രപരിചരണം ആവശ്യമായി വന്നിരിക്കുന്നത്. ഇതേനില തുടരുകയാണെങ്കിൽ മുംബൈക്ക് പിടിച്ചുനിൽക്കാനാകും. എന്നാൽ ചേരിയിൽ വൈറസ് വ്യാപനം വർധിച്ചാൽ നിയന്ത്രിക്കാൻ പോലും സാധിച്ചെന്നുവരില്ല. അതിനാൽ തന്നെയാണ് ശക്തമായ നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ചേരികൾ അധികൃതരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ. പ്രത്യേക പനി ക്ലിനിക്കുകളും, സ്റ്റേഡിയം, ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ക്വാറന്റൈൻ കേന്ദ്രങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
പക്ഷേ, തിങ്ങിനിറഞ്ഞ് താമസിക്കുന്ന ചേരി നിവാസികളെ സംബന്ധിച്ചിടത്തോളം നിയന്ത്രണങ്ങൾ പാലിക്കുക എളുപ്പമല്ല. ‘ഒരു മീറ്റർ സാമൂഹിക അകലം പാലിക്കാനാണ് അധികൃതർ ഞങ്ങളോട് ആവശ്യപ്പെടുന്നത്. പക്ഷേ എന്റെ വീടിന് ആകെ രണ്ടു മീറ്റര് നീളമേയുള്ളൂ.’ ചേരിനിവാസിയായ ആസിഫ് സിദ്ദിഖി പറഞ്ഞു. ഒറ്റമുറി അപ്പാർട്ട്മെന്റിൽ ആറു കുടുംബാംഗങ്ങളോടൊപ്പമാണ് ആസിഫ് താമസിക്കുന്നത്. ‘ഞങ്ങൾ സഹകരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുപോലൊരിടത്ത് വീട്ടിൽ തന്നെ കഴിയുക അസാധ്യമാണ്.’ സിദ്ദിഖി പറയുന്നു.
സാമൂഹിക അകലം പാലിക്കലൊന്നും പ്രാവർത്തികമാവാത്ത ധാരാവിയിൽ സമ്പർക്കവിലക്ക് ഏർപ്പെടുത്തുന്നതും നിയന്ത്രണം ഏർപ്പെടുത്തുന്നതും എത്രത്തോളം ദുഷ്കരമാണ് എന്ന് വെളിവാക്കുന്നതാണ് സിദ്ദിഖിയുടെ വാക്കുകൾ. സാമൂഹികവ്യാപനത്തിലൂടെ കൂടുതൽ പേരിലേക്ക് രോഗം പകരാൻ ഇടയായാൽ മഹാരാഷ്ട്ര നേരിടേണ്ടി വരിക വലിയ ഭീഷണിയാണ്.