
രജിലേഷ് കെ.എം.
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് ഒരു ഫുട്ബോൾ താരത്തിനു കൂടി മരിച്ചു. 1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ അംഗമായിരുന്ന ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ താരം നോർമൻ ഹണ്ടറാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 76 വയസ്സായിരുന്നു. ഈ മാസം 10ന് കോവിഡ് 19 സ്ഥിരീകരിച്ചതുമുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലീഡ്സ് യുണൈറ്റഡിനു വേണ്ടി 726 മത്സരങ്ങള്‍ കളിച്ച താരം ക്ലബ്ബിന്റെ ഇതിഹാസമായാണ് അറിയപ്പെടുന്നത്. ക്ലബ്ബിനൊപ്പം രണ്ട് തവണ പ്രീമിയർ ലീഗ് കിരീടവും ഓരോ തവണ എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും രണ്ടു തവണ ഇന്റർ സിറ്റീസ് ഫെയേഴ്സ് കപ്പും നേടി.
കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് നോർമനെ ആശുപത്രിയിലേക്കു മാറ്റിയത്. അവിടെ എൻഎച്ച്എസ് സ്റ്റാഫ് അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഇന്നു പുലർച്ചെ അദ്ദേഹം നമ്മോടു യാത്ര പറഞ്ഞു. ലീഡ്സ് യുണൈറ്റഡ് കുടുംബത്തിൽ വലിയൊരു വിടവു സൃഷ്ടിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ സംഭാവനകൾ ക്ലബ് ഒരിക്കലും മറക്കില്ല. ഈ ദുഃഖകരമായ നിമിഷത്തിൽ നോര്‍മന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദന പങ്കിടുന്നു’ – ക്ലബ് ട്വിറ്ററിൽ കുറിച്ചു.
1966ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു അേദ്ദഹം. എന്നാല്‍ ഒരു കളിയിൽ പോലും കളത്തിലിറങ്ങിയില്ല. സെൻട്രൽ ഡിഫൻഡർമാരായ ജാക്ക് ഷാൾട്ടൻ – ബോബി മൂർ കൂട്ടുകെട്ട് മിന്നുന്ന ഫോമിലേക്ക് ഉയർന്നതോടെയാണ് താരത്തിന് അവസരം കിട്ടാതെ പോയത്. 15–ാം വയസ്സിൽ ലീഡ്സ് യുണൈറ്റഡിലെത്തിയ നോർമൻ ഹണ്ടർ, 14 വർഷത്തോളം അവിടെ തുടർന്നു. ഇതിനിടെ വിവിധ ടൂർണമെന്റുകളിലായി 726 മത്സരങ്ങളിൽ ക്ലബ്ബിനായി ബൂട്ടുകെട്ടി. ലീഡ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന നാലാമത്തെ താരം കൂടിയാണ് നോർമൻ.
1969, 1974 വർഷങ്ങളിലാണ് ലീഡ്സിനൊപ്പം ഫുട്ബോൾ ലീഗ് ഫസ്റ്റ് ഡിവിഷൻ കിരീടം ചൂടിയത്. 1968ൽ ലീഗ് കപ്പ് ഫൈനലിലും 1972ൽ എഫ്എ കപ്പ് ഫൈനലിലും ആർസനലിനെ തോൽപ്പിച്ച ലീഡ്സ് യുണൈറ്റഡ് ടീമിന്റെ പ്രതിരോധത്തിലെ നെടുന്തൂണായിരുന്നു നോർമൻ. 1975ൽ യൂറോപ്യൻ കപ്പ് (യുവേഫ ചാംപ്യൻസ് ലീഗിന്റെ പഴയ പേര്) ഫൈനലിൽ കടന്നെങ്കിലും ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കിനോടു തോറ്റു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ യൂറോപ്യൻ കപ്പ് നേടാനാകാതെ പോയതാണെന്ന് അദ്ദേഹം പിന്നീട് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡ് വിട്ടശേഷം ബ്രിസ്റ്റൾ സിറ്റി, ബാൺസ്‌ലി എന്നീ ക്ലബ്ബുകൾക്കും കളിച്ചു. പിന്നീട് പരിശീലകനായി.