
ബിനു കല്ലാർ
നെടുംങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ ഉത്പാദിപ്പിയ്ക്കുന്ന ഏത്തക്കാ, പാവല്‍, ബീന്‍സ്, കുമ്പളം, മത്തന്‍ തുടങ്ങിയ ഇനങ്ങളാണ് തിരുവന്തപുരം മേഖലയിലേയ്ക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ എത്തിയ്ക്കുന്നത്. തിരുവന്തപുരത്തെ ആനാട്, പാനവൂര്‍ കൃഷിഭവനുകളില്‍ ഉത്പന്നങ്ങള്‍ എത്തിയ്ക്കുകയും കൃഷി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില് ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യും. ആനാട്, പാനാവൂര്‍ മേഖലകളില്‍ നിന്നും പൈനാപ്പിള്‍ ശേഖരിച്ച് നെടുങ്കണ്ടത്ത് എത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലായി 26 കാര്‍ഷിക ക്ലസ്റ്ററുകളാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഏത്തവാഴയും വിവിധ ഇനം പച്ചക്കറികളുമാണ് കാര്‍ഷിക കൂട്ടായ്മ വഴി കൃഷി ചെയ്യുന്നത്. നെടുങ്കണ്ടം ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് മാര്‍ക്കറ്റ് മുഖേനയും പൊതു വിപണി വഴിയുമാണ് വിറ്റഴിച്ചിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ ആയതോടെ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും വിറ്റഴിയ്ക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് ജീവനി സഞ്ജീവനി പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കൈതാങ്ങൊരുക്കാന്‍ കൃഷി വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി 2000 കിലോ ഗ്രാം ഏത്തക്കായും 100 കിലോയോളം പച്ചക്കറിയുമാണ് തിരുവന്തപുരത്ത് എത്തിയ്ക്കുക. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ വിലയും ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഉത്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് തെക്കേല്‍ നിര്‍വ്വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ രഞ്ജിത്ത് രാജ്, ബിഎല്‍എഫ്ഓ പ്രസിഡന്റ് ജെസി കുര്യന്‍, ഓമനകുട്ടന്‍, സോജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.