KeralaKottayamLatest

പോരുവഴിയിലെ മാനവികത ഉണർന്നു ; കലുങ്കിന് കൈവരിയായി

“Manju”

കരുനാഗപ്പള്ളി : പോരുവഴി പതിനാറാം വാർഡിൽ അംഗൻവാടിയുടെ മുന്നിലൂടെ പോകുന്ന കനാലിന് കുറുകെയുള്ള കലുങ്കിന്റെ കൈവരി തകർന്നിട്ട് നാളുകളേറെയായി. കനാൽ കാണാനാകാത്ത വിധത്തിൽ പുല്ല് വളർന്നതോടെ അപകട സാധ്യത ഇരട്ടിച്ചു . അംഗനവാടിയിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ മുതൽ പ്രായമയവർ വരെ സഞ്ചരിക്കുന്ന റോഡാണ് കൊച്ചേരിമുക്ക് – ചെമ്മാട്ടുമുക്ക് റോഡ്. റോഡിന്റെ ഒരു ഭാഗത്തെ കൈവരി നിശേഷം തകർന്നതും വഴിയാത്രക്കാർക്ക് വരെ ബുദ്ധിമുട്ടുണ്ടാകുന്നതും പ്രദേശവാസികൾ പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും അധികാരികൾ കണ്ണുതുറന്നില്ല. നാളിതുവരെ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ മാത്രം ഒതുങ്ങിപ്പോയ കൈവരി നിർമ്മാണത്തിനാണ് ചെമ്മാട്ടുമുക്ക് മാനവികത കമ്മ്യൂണിറ്റി കേന്ദ്രത്തിന്റെയും ഗ്രന്ഥശാലയുടെയും പ്രവർത്തകർ ഇന്ന് ശാപമോക്ഷം നൽകിയത് .

ഇത്തവണത്തെ തദ്ധേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മാനവികത കമ്മ്യൂണിറ്റി കേന്ദ്രം & ഗ്രന്ഥശാലയുടെ സ്ഥാനാർത്ഥി മത്സരിച്ചിരുന്നുവെങ്കിലും വിജയിക്കാനായില്ല. പക്ഷേ അടുത്ത അഞ്ചു വർഷത്തിനിടെ തങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുമെന്ന് മാനവികത ഗ്രന്ഥശാല പ്രസിഡന്റ് വിനുകുമാർ പാലമൂട്ടിൽ പറയുന്നു. സ്ഥാനാർത്ഥിയായി മത്സരിച്ച ഷീജ തന്നെയാണ് കലുങ്കിന്റെ കൈവരി നിർമ്മാണത്തിനും മുന്നിട്ടിറങ്ങിയത്. ഗ്രന്ഥശാല പ്രസിഡന്റ് അഭിലാഷ്. സി , സെക്രട്ടറി ശക്തികുമാർ പാലമൂട്ടിൽ, കമ്മ്യൂണിറ്റി കേന്ദ്രം ആക്ടിംഗ് പ്രസിഡന്റ് പി. ജി. പ്രിയൻകുമാർ, രവീന്ദ്രൻ. ബി , രക്ഷാധികാരി രമണൻ. ആർ , എസ്. ശിവൻ പിള്ള, രാംലാൽ, രഞ്ജിത്ത്, സന്ദിപ്. ആർ , മധു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പങ്കാളിയായതോടെ ഒറ്റ ദിവസം കൊണ്ട് കൈവരി നിർമ്മാണം പൂർത്തിയായി. ജനങ്ങളെ സേവിക്കുന്നതിനും നാടിന്റെ വികസനത്തിനും തെരഞ്ഞെടുപ്പിലെ വിജയമോ, പരാജയമോ ഒരു വിഷയമല്ലെന്ന് തെളിയിക്കുന്നതായി പോരുവഴിയിലെ മാനവികതയുടെ പ്രവർത്തനം .

Related Articles

Back to top button