അശോക് കുമാറിന്റെ മരണം ആത്മഹത്യയോ ?

സ്വന്തം ലേഖകൻ
ദുബായ് : ‘‘ചെറിയ പനിയുണ്ട്. ഇന്ന് ഹോസ്പിറ്റലിൽ പോയിരുന്നു. കോവിഡ് -19 ടെസ്റ്റിന് വന്നവരും മറ്റുമായി വലിയ തിരക്കായിരുന്നു. പനിയുള്ളതുകൊണ്ട് കോവിഡ് -19 ടെസ്റ്റിന് വന്നവരും മറ്റുമായി വലിയ തിരക്കായിരുന്നു. പനിയുള്ളതുകൊണ്ട് കോവിഡ് ടെസ്റ്റ് എനിക്കും ചെയ്യേണ്ടിവന്നു. റിസൽട്ട് കിട്ടാൻ 48 മണിക്കൂറാവും. തത്‌കാലം മുറിയിൽ കഴിയാനാണ് പറഞ്ഞത്.’’-ശനിയാഴ്ച രാത്രി 11 മണിക്ക് അശോക് കുമാർ കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോൾഡൻ പാലസിലുള്ള ഭാര്യ ഷീജയ്ക്കയച്ച വാട്‌സാപ്പ് മെസേജാണിത്. നാലാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന സൂര്യയെയും സൂരജിനെയും കെട്ടിപ്പിടിച്ചുറങ്ങുമ്പോൾ ഇനി തന്നെ തേടിയെത്തുന്നത് പ്രിയതമന്റെ മരണ വാർത്തയായിരിക്കുമെന്ന് ഷീജ കരുതിയിരുന്നില്ല.പേടിയോടെയൊന്നും അല്ലായിരുന്നു രാത്രി ആ വിളിയെത്തിയത്. വളരെ ഉഷാറോടെയാണ് അശോക് കുമാർ സംസാരിച്ചത്. മാത്രമല്ല, കോവിഡ് പോസിറ്റീവ് ആയാലും അദ്ദേഹത്തിന് പേടിയൊന്നും ഉണ്ടാവില്ലായിരുന്നുവെന്ന് ബന്ധുക്കളും ഉറപ്പിച്ചുപറയുന്നു. കാരണം അശോകിന്റെ സഹോദരഭാര്യ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ്. ഗൾഫ് നാടുകളിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ തന്നെ വേണ്ട എല്ലാ നിർദേശങ്ങളും അശോകിന് ലഭിക്കുന്നുമുണ്ടായിരുന്നു. അത്രയും ആരോഗ്യ സുരക്ഷിതത്വം പാലിച്ചായിരുന്നു ജീവിതം. അതുകൊണ്ട് ഒരിക്കലും കോവിഡ് ഭീതിയാൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്ന് കുടുംബം വിശ്വസിക്കുന്നില്ല.
കോവിഡ് രോഗിയെന്ന സംശയത്താൽ അശോകിനെ മുറിയിൽ നിന്നും ഇറക്കിവിട്ടുവെന്ന തരത്തിലുള്ള ചില വാർത്തകളും കുടുംബം തള്ളിക്കളഞ്ഞു. അങ്ങനെ ഇറക്കിവിട്ടാലും 15 വർഷത്തോളമായി ദുബായിൽ താമസിക്കുന്ന അശോകിന് മാറിത്താമസിക്കാൻ ആവശ്യത്തിലേറെ സൗഹൃദങ്ങളുണ്ടായിരുന്നു. താമസിക്കുന്നയിടത്ത് മൊബൈൽ റേഞ്ച് കുറവായിരുന്നതുകൊണ്ട് ബാൽക്കണിയിൽ മാറിനിന്നാണ് സംസാരിക്കുന്നതെന്ന് ആളെപ്പോഴും പറയാറുണ്ട്. അങ്ങനെ വീണതായിരിക്കാം എന്നാണ് കരുതുന്നതെന്നും അയൽവാസി കലേഷ് ബാബു പറഞ്ഞു. 20 വർഷം മുൻപ് സൗദിയിലാണ് അശോക് പ്രവാസം തുടങ്ങിയത്.
പിന്നീടായിരുന്നു ദുബായിലേക്കുള്ള മാറ്റം. ഒരു സ്വകാര്യ കമ്പനിയിൽ ഫോർമാനായ അശോക് കുമാർ ഒരു വർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. നാട്ടിൽ സാമൂഹിക പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ അൾസറിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ മാസം നാട്ടിലേക്ക് അവധിക്ക് വരാനിരുന്നതാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോവിഡ് പരിശോധനഫലം നെഗറ്റീവായാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ജ്യേഷ്ഠൻ ജയകുമാർ പറഞ്ഞു.