‘ഇസ്ലാമോഫോബിയ’ യിലൂടെ പാകിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രിയുടെ സത്‌പേരിനെ നശിപ്പിക്കാന്‍

രജിലേഷ് കെ.എം.
ന്യൂഡൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സത്‌പേര് നശിപ്പിക്കാനായി പുതിയ തന്ത്രവുമായി പാകിസ്ഥാൻ. പ്രധാനമായും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തികൊണ്ട് സൈബർ സ്‌പെയ്‌സിലൂടെ പ്രധാനമന്ത്രിയെയും ഇന്ത്യയെയും ലോകരാജ്യങ്ങൾക്കുമുന്നിൽ കരിവാരിത്തേക്കാനാണ് പാകിസ്ഥാൻ നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാകുന്നു. രാജ്യത്ത് മുസ്ലിം വിരുദ്ധത(ഇസ്ലാമോഫോബിയ) രൂക്ഷമാക്കുന്നു എന്ന മട്ടിൽ സൈബറിടങ്ങളിൽ പ്രചരിക്കുന്ന ഭൂരിഭാഗം മെസേജുകളിലും പാകിസ്ഥാന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും സുരക്ഷ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിലൂടെ ഇന്ത്യാ വിരുദ്ധ വികാരം വളർത്തിയെടുക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങൾക്കിടയിൽ, ‘ഇന്ത്യയിൽ മുസ്ലിം വിരുദ്ധ വികാരം രൂക്ഷമാകുന്നു’ എന്ന തരത്തിലുള്ള വ്യാജപ്രചാരണത്തിനാണ് പാക് സർക്കാർ ശ്രമിക്കുന്നതെന്നും സുരക്ഷാ ഏജൻസികൾ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്റെ ഓൺലൈൻ പതിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയ്ക്കും ഇന്ത്യയുമായി അടുപ്പം അടുപ്പം സൂക്ഷിക്കുന്ന ഗൾഫ് രാജ്യങ്ങൾക്കിടയിലും ശത്രുത സൃഷ്ടിക്കാനും പ്രധാനമന്ത്രിയെ ഈ രാജ്യങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കാനുമാണ് പാകിസ്ഥാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പാകിസ്ഥാനും ഗൾഫിലും നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
മുസ്ലിം സമുദായത്തിൽ പെട്ടവർ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇത്തരം ഹാൻഡിലുകൾ പ്രധാനമാണ് പടച്ചുവിടുന്നത്. ‘ഇന്ത്യയിൽ അസന്തുലിതാവസ്ഥ’, ‘മോദിക്ക് ലജ്ജയില്ലേ’ എന്ന തരത്തിലുള്ള ഹാഷ്ടാഗുകളും ഈ വ്യാജപ്രചാരണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പാക് തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതാദ്യമായല്ല പാകിസ്ഥാൻ രാജ്യത്തെയും പ്രധാനമന്ത്രിയെയും ലോകരാജ്യങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ ശ്രമിക്കുന്നത്. കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തുകളഞ്ഞപ്പോഴും കാശ്മീരിൽ ലോക്ക്ഡൗൺ കൊണ്ടുവന്നപ്പോഴും പാകിസ്ഥാൻ സൈബർ ഇടങ്ങൾ വഴി രാജ്യത്തിനെതിരെ പ്രവർത്തിച്ചിരുന്നു.