
രജിലേഷ് കെ.എം.
കൊല്ലം: കൊല്ലം നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് സംഭാവന കിട്ടിയ രണ്ട് ചാക്ക് അരി അനുവാദമില്ലാതെ വിറ്റ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. സംഭവത്തിൽ നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർക്ക് പുറമേ ശക്തികുളങ്ങര സാമൂഹിക അടുക്കളയുടെ ചുമതലയുള്ള നാല് ഉദ്യോഗസ്ഥർക്കാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകിയത്.
സാമൂഹിക അടുക്കളയിലേക്ക് തേവള്ളി ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ സംഭാവന കിട്ടിയ നാല് ചാക്ക് അരിയിൽ രണ്ട് ചാക്ക് ശക്തികുളങ്ങര ഹെൽത്ത് ഇൻസ്പെക്ടർ അനുവാദമില്ലാതെ വിറ്റ് മറ്റ് സാധനങ്ങൾ വാങ്ങുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ കഴിഞ്ഞ തിങ്കളാഴ്ച വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു.
അനുവാദമില്ലാതെ അരി വിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ വാങ്ങിയ പലവ്യഞ്ജനങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയതടക്കമുള്ള പിഴവുകൾ സംബന്ധിച്ച വിശദീകരണമാണ് മറ്റ് ഉദ്യോഗസ്ഥരോട് ചോദിച്ചിരിക്കുന്നത്. സംഭവത്തിൽ ഡെപ്യൂട്ടി സെക്രട്ടറി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ ഹണി ബഞ്ചമിൻ പറഞ്ഞു.